കാസര്‍കോട്: കൊവിഡിന്‍റെ പിടിയില്‍ നിന്ന് പതുക്കെ വിട്ടകന്ന് വെള്ളിത്തിരകള്‍ വീണ്ടും സജീവമാകുമ്പോള്‍ ആളും അനക്കവുമില്ലാതെ കിടക്കുന്ന ഒരു സിനിമാശാലയുണ്ട് കാസര്‍കോട്. കൊവിഡ് മാറ്റിമറിച്ച കാലത്തിനൊപ്പം പള്ളിക്കരയിലെ ആഞ്ജനേയ തിയേറ്ററും ഒരുപാട് മാറി. 1980ല്‍ പുറത്തിറങ്ങിയ ഇത്തിക്കര പക്കി മുതല്‍ എത്രയോ സിനിമകള്‍.... ഒരു കാലത്ത് മാറ്റിനിയില്‍ തുടങ്ങി സെക്കന്‍റ് ഷോ വരെ ഹൗസ് ഫുള്‍ ബോര്‍ഡ് വെച്ച് പ്രദര്‍ശനം നടത്തിയ കൊട്ടക ഇന്ന് അതിജീവനത്തിന് പുതുവഴി തേടുകയാണ്.
സാങ്കേതിക സംവിധാനങ്ങള്‍ മാറിയതോടെ ആഞ്ജനേയ തിയേറ്ററും ഡിജിറ്റലാക്കിയിരുന്നു. സി ക്ലാസ് തിയേറ്റര്‍ ലാഭകരമല്ലെങ്കിലും സിനിമാ പ്രദര്‍ശനം മുടങ്ങിയിരുന്നില്ല. പക്ഷെ മാഹാമാരിയില്‍ അടഞ്ഞ തിയേറ്റര്‍ ഇനി പഴയ പോലെ പ്രവര്‍ത്തിപ്പിക്കാനാവുമെന്ന പ്രതീക്ഷയൊന്നും ഉടമയായ രാഘവേന്ദ്രക്കില്ല. ഇരുണ്ട മുറിയിലേക്ക് പ്രൊജക്ടറില്‍ നിന്നും വെളിച്ചം തെളിഞ്ഞാലും സിനിമകള്‍ എല്ലാം മൊബൈലില്‍ ലഭിക്കുന്ന ഇക്കാലത്ത് തിയേറ്ററില്‍ ആളുകള്‍ നിറയുമെന്ന് കണക്ക് കൂട്ടുന്നതേ അബദ്ധമാകുമെന്ന് രാഘവേന്ദ്ര പറയുന്നു.
അങ്ങനെ സിനിമാ പ്രദര്‍ശനങ്ങളുടെ കഥ പറയുന്ന ആഞ്ജനേയ തിയേറ്ററും പുതിയ സംരഭങ്ങള്‍ക്കായി വഴി മാറുകയാണ്. ഇനി ഇവിടം സൈക്കിളുകളുടെയും ഫിറ്റ്‌നസ് ഉപകരണങ്ങളുടെയും കേന്ദ്രമാകും. രൂപമാറ്റത്തിനായി തിയേറ്ററിലെ കസേരകളെല്ലാം മാറ്റിക്കഴിഞ്ഞു. തിയേറ്റര്‍ അടഞ്ഞതോടെ രണ്ട് ഓപ്പറേറ്റര്‍മാരും തൊഴിലാളികളും മറ്റുവഴി തേടി പോയി. തിയേറ്റര്‍ ഇല്ലെങ്കിലും ജീവിതത്തിന്‍റെ നല്ലൊരു ഭാഗം പ്രൊജക്ടറിന്‍റെ താളത്തിനൊപ്പം ജീവിച്ച് തീര്‍ത്ത രാഘവേന്ദ്രയുടെ മനസില്‍ ഇപ്പോഴും സിനിമയെന്ന വലിയ ലോകം ബാക്കിയാണ്.