അയൽക്കാരനാണെങ്കിലും മലയാളത്തിന്‍റെ പ്രിയപ്പെട്ട സൂപ്പർതാരമാണ് കന്നഡ നടൻ യഷ്. മോൺസ്റ്ററായി വന്ന് ഇന്ത്യൻ സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കിയ കെജിഎഫിലെ നായകൻ കൊവിഡ് കാലത്ത് ഒരു മാതൃകയാവുകയാണ്. മഹാമാരിയിൽ ജോലി നഷ്ടപ്പെട്ട് പ്രതിസന്ധിയിലായിരിക്കുന്ന തന്‍റെ സഹപ്രവർത്തകരോടുള്ള താരത്തിന്‍റെ കരുതലാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്.
Also Read: 5ജി നടപ്പാക്കുന്നതിനെതിരെ ജൂഹി ചൗള, ഹര്‍ജിയുമായി ഡല്‍ഹി ഹൈക്കോടതിയില്‍
കൊവിഡ് കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന സഹപ്രവര്‍ത്തകരുടെ ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക് 5000 രൂപ വീതം നല്‍കുകയാണെന്ന് യഷ് അറിയിച്ചു. കന്നഡ സിനിമാ മേഖലയിലുള്ള 21 വിഭാഗങ്ങളിലെ മൂവായിരത്തിലേറെ പ്രവര്‍ത്തകർക്ക് 5000 രൂപ വീതം തന്‍റെ സമ്പാദ്യത്തിൽ നിന്ന് സഹായം നൽകുമെന്ന് യഷ് പുറത്തുവിട്ട പ്രസ്‌താവനയിൽ വിശദീകരിക്കുന്നു. കൊവിഡ് കാരണമുണ്ടായ നഷ്ടത്തിനും വേദനയ്ക്കും ഇതൊരു പരിഹാരമാവില്ല. എങ്കിലും ഇത് വിശ്വാസത്തിന്‍റെ പ്രതീക്ഷയാണെന്നും നല്ലൊരു നാളെ പ്രതീക്ഷിക്കുന്നതായും യഷ് കൂട്ടിച്ചേർത്തു.
യഷ് കുറിച്ച പ്രതീക്ഷയുടെ വാക്കുകൾ
"നമ്മുടെ രാജ്യമൊട്ടാകെയായി നിരവധി പേരുടെ ജീവിതമാർഗം തകര്‍ത്ത അദൃശ്യശത്രുവാണ് കൊവിഡ് 19 എന്ന് വ്യക്തമായിക്കഴിഞ്ഞു. എന്‍റെ സ്വന്തം കന്നഡ സിനിമാ മേഖലയെയും ഇത് വളരെ സാരമായി ബാധിച്ചു. ഇത്തരം ഗുരുതരമായ സാഹചര്യത്തില്‍ കന്നഡ സിനിമാമേഖലയിലെ 21 വിഭാഗങ്ങളിലുള്ള മൂവായിരത്തിലധികം അംഗങ്ങളുടെ അക്കൗണ്ടുകളിലേക്ക് എന്‍റെ സമ്പാദ്യത്തില്‍ നിന്നും 5000 രൂപ വീതം ഞാന്‍ സംഭാവന ചെയ്യും. നമ്മൾ ഇപ്പോൾ കടന്നുപോകുന്ന സാഹചര്യം സൃഷ്ടിച്ച നഷ്ടത്തിനും വേദനയ്ക്കും ഇതൊരു പരിഹാരമാവില്ലെന്ന് എനിക്ക് നന്നായി അറിയാം. എങ്കിലും ഇതൊരു പ്രതീക്ഷയാണ്. നല്ലൊരു നാളെയെക്കുറിച്ചുള്ള വിശ്വസത്തിന്‍റെ പ്രതീക്ഷ,'' യഷ് പ്രസ്‌താവനയിൽ വിശദീകരിച്ചു.