കുമ്പളങ്ങി നൈറ്റ്സില്‍ ബേബി മോളുടെ അമ്മയുടെ വേഷം ചെയ്‌ത് ശ്രദ്ധ നേടിയ നടിയും സഹസംവിധായികയുമാണ് അംബികാ റാവു. ഇപ്പോള്‍ കിഡ്‌നി സംബന്ധമായ അസുഖങ്ങളാലും മറ്റും ചികിത്സയില്‍ കഴിയുകയാണ് അംബികാ റാവു. ചികിത്സയ്‌ക്ക് ആവശ്യമായ പണം കണ്ടെത്താനാകാതെ വിഷമിക്കുന്ന താരത്തിന് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ ജോജു ജോര്‍ജ്.
താരത്തിന്‍റെ അവസ്ഥ ഇപ്പോള്‍ വളരെ മോശമാണെന്നും പണം ഇല്ലാത്തതിനാല്‍ ചികിത്സ പ്രതിസന്ധിയിലാണെന്നും കാണിച്ചുകൊണ്ട് നടിയുമായി അടുപ്പമുള്ളവര്‍ രംഗത്ത് വന്നിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ജോജുവിന്‍റെ ധനസഹായം എത്തിയത്. അടിയന്തര സഹായമായി ഒരു ലക്ഷം രൂപയാണ് ജോജു അംബികക്ക് നല്‍കിയത്. ജോജു ധനസഹായം നല്‍കാമെന്ന് ഉറപ്പ് നല്‍കിയ വിവരം സംവിധായകന്‍ സാജിദ് യാഹിയയാണ് അറിയിച്ചത്.
- " class="align-text-top noRightClick twitterSection" data="
">
അംബിക റാവു ദീര്‍ഘനാളുകളായി ചികിത്സയിലാണ്. ആഴ്ച്ചയില്‍ രണ്ടുതവണ ഡയാലിസിസിന് വിധേയയാകേണ്ടതുണ്ട്. അംബികക്ക് വേണ്ട സഹായവും പിന്തുണയും നല്‍കിക്കൊണ്ടിരുന്ന സഹോദരന്‍ സ്ട്രോക്ക് വന്ന് ആശുപത്രിയിലായതോടെയാണ് അംബികയുടെ ചികിത്സ വഴിമുട്ടിയത്. ഫെഫ്‌കയും സിനിമാ താരങ്ങളും നടിക്ക് സഹായങ്ങള്‍ നല്‍കി വരുന്നുണ്ട്.
ഇതിനിടെ ഇവരുടെ ചികിത്സ ചെലവുകള്‍ കണ്ടെത്തുന്നതിന് തൃശ്ശൂരില്‍ നിന്നുള്ള ഒരു സൗഹൃദ കൂട്ടായ്‌മയും കൈകോര്‍ത്തിരുന്നു. സംവിധായകരായ ലാല്‍ജോസ്, അനൂപ് കണ്ണന്‍, നടന്മാരായ സാദിഖ്, ഇര്‍ഷാദ് എന്നിവര്‍ ഉള്‍പ്പെടെയുള്ള അംഗങ്ങളുടെ കൂട്ടായ്‌മയാണിത്.