വെറുമൊരു സ്‌പോർട്‌സ് ഡ്രാമ ചിത്രമല്ല പാ രഞ്ജിത്തിന്‍റെ 'സാർപട്ടാ പരമ്പരൈ'. 1970കളിലെ വടക്കൻ ചെന്നൈയിലെ ബോക്‌സിങ് പാരമ്പര്യത്തെ കുറിച്ച് വിശദീകരിക്കുമ്പോഴും ദ്രാവിഡ രാഷ്‌ട്രീയത്തിലൂടെയും ഡിഎംകെ, എഐഡിഎംകെ തുടങ്ങിയ പാർട്ടികളുടെ വളർച്ചയും അടിയന്തരാവസ്ഥയും എല്ലാം ചിത്രം പ്രതിപാദിച്ചു പോകുന്നുണ്ട്.
സാർപട്ടാ പരമ്പരൈ, ഇടിയപ്പാ പരമ്പരൈ എന്നിങ്ങനെ രണ്ട് വൈരികൾ. സാർപട്ടായുടെ പോരാളി കബിലനായി ആര്യ വേഷമിട്ടപ്പോൾ എതിർഭാഗത്ത് ഇടിയപ്പക്കായി നിലകൊള്ളുന്നത് വേമ്പുലിയാണ്. സാർപട്ടായിലെ ആരെക്കൊണ്ടും തോൽപ്പിക്കാൻ കഴിയാത്ത ബോക്‌സറാണ് വേമ്പുലി. ആകാരവടിവ് കൊണ്ടും കരുത്തിലും സാർപട്ടായിലെ പോരാളികൾക്ക് ശരിക്കുമൊരു എതിരാളി തന്നെയായിരുന്നു ജോൺ കൊക്കെൻ അവതരിപ്പിച്ച വേമ്പുലി എന്ന കഥാപാത്രം.
തന്‍റെ കരിയർ ബെസ്റ്റ് സിനിമയാണ് സാർപട്ടാ പരമ്പരൈ എന്ന് ജോൺ കൊക്കെൻ
മലയാളത്തിൽ തുടങ്ങി പിന്നീട് തെലുങ്ക്, കന്നഡ ചലച്ചിത്രങ്ങളിലും തമിഴിലും എത്തിയ ജോൺ കൊക്കെന്‍റെ കരിയർ ബെസ്റ്റ് കഥാപാത്രമാണ് വേമ്പുലി. എന്നാൽ, സിനിമക്കായുള്ള ശാരീരിക തയ്യാറെടുപ്പുകളും എഴുപതുകളിലെ തമിഴ് ഭാഷാശൈലിയുടെ പരിശീലനവുമെല്ലാം വ്യത്യസ്‌തമായ ഒരു അനുഭവമായിരുന്നു എന്ന് ജോൺ കൊക്കെൻ ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="">
തനിക്കിഷ്‌ടമില്ലാഞ്ഞിട്ടും ഷൂട്ടിനിടയിൽ പലരെയും ശരിക്കും അടിക്കേണ്ടി വന്നെന്നും പലപ്പോഴും ഇതോർത്ത് ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നും ജോൺ കൊക്കെൻ അനുഭവം പങ്കുവച്ചു.
More Read: ഒരു പാ രഞ്ജിത്ത് സിനിമ; 'സാർപട്ടാ പരമ്പരൈ'ക്കൊപ്പം ഇടിവി ഭാരത്
'ഇതുപോലത്തെ സിനിമ ഞാൻ എന്‍റെ ജീവിതത്തിൽ അഭിനയിച്ചിട്ടില്ല. സാധാരണ വില്ലൻ വേഷങ്ങൾ ചെയ്യുമ്പോൾ സഹതാരങ്ങളെ നമ്മൾ തൊടാറില്ല. എന്നാൽ, പാ രഞ്ജിത്തിന് അടിക്കണമെന്ന് നിർബന്ധമായിരുന്നു. അടിക്കുന്ന വരെ ഓകെ പറയില്ല. ഫൈറ്റ് സീനിൽ എല്ലാവരും അടിച്ചിരുന്നു.
സിനിമ കഴിഞ്ഞ് നമ്മൾ എല്ലാവരും പോയി ബോഡി പരിശോധിച്ചിട്ടുണ്ട്. ഞാൻ അടിച്ച് സന്തോഷ് പ്രതാപിന്‍റെ തലക്കും ചെറിയ പരിക്കുകൾ ഉണ്ടായി. ക്ലൈമാക്‌സൊക്കെ ആയപ്പോഴേക്കും ആര്യ പറഞ്ഞത്, 'ബ്രോ അടിക്കെടോ... വെറുതെ നമ്മൾ എന്തിനാ സമയം പാഴാക്കുന്നത്... നീ അടിച്ചാലേ ഓകെ പറയുള്ളൂ,' എന്നാണ്.
സന്തോഷിനെ എത്ര അടിച്ചിട്ടുണ്ടെന്നോ. ഉറങ്ങിയിട്ടില്ല ശരിക്കും. വെറുതെ എത്ര ആളുകളെയാണ് ഈ പടത്തിൽ ഞാൻ അടിച്ചതെന്ന് എന്‍റെ ഭാര്യയോട് വരെ ഞാൻ പറഞ്ഞിട്ടുണ്ട്. അടിക്കാൻ ഇഷ്‌ടമല്ലെങ്കിലും ഞങ്ങളെ പറഞ്ഞ് അടിപ്പിക്കുകയായിരുന്നു.' അങ്ങനെ ശരിക്കും ഒരു ബോക്‌സിങ് ഫീലിലാണ് സിനിമ ചിത്രീകരിച്ചതെന്ന് ജോൺ കൊക്കെൻ ഇടിവി ഭാരതിനോട് പറഞ്ഞു.
ബാഹുബലി കൂടാതെ, ലവ് ഇൻ സിംഗപ്പൂർ, അലക്‌സാണ്ടർ ദി ഗ്രേറ്റ്, ഐജി, ശിക്കാർ ചിത്രങ്ങളിലെ വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ജോൺ കൊക്കെൻ.