ഷാജി പാപ്പൻ, അക്‌ബർ, അംഗൂർ റാവുത്തർ, ജോയ് താക്കോൽക്കാരൻ, ജോൺ ഡോൺ ബോസ്കോ, മേരി,സുധി... ഹാസ്യവേഷങ്ങളിലും വില്ലനായും വൈകാരിക മുഹൂർത്തങ്ങളിലൂടെയും പ്രേക്ഷകമനസിൽ കയറിപ്പറ്റിയ ജയസൂര്യയുടെ കഥാപാത്രങ്ങൾ. ലോക്ക് ഡൗൺ കാലത്ത് ഇവർ എന്തു ചെയ്യുകയായിരിക്കും? തന്‍റെ കഥാപാത്രങ്ങളുടെ ലോക്ക് ഡൗൺ വിശേഷങ്ങൾ ഒരു വീഡിയോ രൂപത്തിൽ അവതരിപ്പിക്കുകയാണ് നടൻ ജയസൂര്യ. അമർ അക്‌ബർ അന്തോണി, ആട്, ഇയ്യോബിന്‍റെ പുസ്‌തകം, ഞാൻ മേരിക്കുട്ടി, സുസു സുധീ വാത്മീകം, പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ്, പ്രേതം, ബ്യൂട്ടിഫുൾ ചിത്രങ്ങളിലെ ജയസൂര്യയുടെ കഥാപാത്രങ്ങൾക്ക് ലോക്ക് ഡൗണിൽ എന്ത് സംഭവിച്ചുവെന്നാണ് താരം വിവരിക്കുന്നത്. ജയസൂര്യയുടെ ശബ്‌ദത്തിലൂടെ അവതരിപ്പിക്കുന്ന വീഡിയോ എഡിറ്റ് ചെയ്‌തിരിക്കുന്നത് മകൻ അദ്വൈതാണ്.
- " class="align-text-top noRightClick twitterSection" data="">
കൊവിഡ് കാലത്ത് അമ്മച്ചിയുടെ നിർബന്ധ പ്രകാരം പെണ്ണുകാണാൻ പോകാനിരുന്ന ഷാജി പാപ്പൻ, പ്ലാവിൽ ചക്കയിടാൻ കേറിയതോടെ വീണ്ടും നടുവൊടിഞ്ഞ് ആശുപത്രിയിലാണ്. ലോക്ക് ഡൗണിൽ ബിവറേജിലേക്ക് ട്രിപ്പിൾ വച്ച് പോയ അമർ, അക്‌ബർ, അന്തോണി പൊലീസ് സ്റ്റേഷനിലാണ്. ആനപ്പിണ്ടത്തിൽ കുറച്ച് കൽക്കണ്ടവും തേനുമൊക്കെ ചേർത്ത് കൊവിഡിനുള്ള പ്രതിരോധ മരുന്ന് കണ്ടുപിടിച്ച് അതൊന്ന് വിപണിയിലേയ്ക്ക് എത്തിക്കാൻ കഴിയാതെ മന്ത്രിയെയും മുതലാളി കുത്തകകളെയും പാഠം പഠിപ്പിക്കാൻ ഒരുങ്ങുകയാണ് ജോയ് താക്കോൽക്കാരൻ. ഓൺലൈൻ വഴി നിരാഹാരം നടത്താനാണ് ജോയിയുടെ തീരുമാനം. സുസു സുധീ വാത്മീകത്തിന്‍റെ രണ്ടാം ഭാഗമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ജയസൂര്യ. മഴ ആസ്വദിക്കാൻ സ്റ്റീഫന് ആഗ്രഹമുണ്ടെങ്കിലും വല്ല കൊവിഡോ ക്ലാരയോ വന്ന് കേറുമെന്ന് ജോണിന് ഭയമുണ്ട്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് നിർദേശങ്ങളും താക്കീതുമായി മേരിക്കുട്ടി. അവൾക്ക് ഒരു പ്രൊമോഷൻ കൂടി വരുന്നുണ്ടെന്നും ജയസൂര്യ പറയുന്നു. കണ്ടവരുടെ കണ്ണിൽ നോക്കി കൊവിഡ് കണ്ടുപിടിക്കുന്ന ജോൺ ഡോൺ ബോസ്കോ വൈറസ് ബാധിച്ച് ക്വാറിന്‍റൈനിലാണ്. ട്രിവാൻഡം ലോഡ്ജിലെ അബ്ദുവും ധ്വനിയും പ്രേമത്തിലായി. എന്നാൽ, പേസ്റ്റ് വാങ്ങാൻ പോയവൾ അബ്‌ദുവിനെ പോസ്റ്റാക്കിയ ലക്ഷണമാണ്. ഇയ്യോബിന്‍റെ പുസ്‌തകത്തിലെ അംഗൂർ റാവുത്തറെയും വീഡിയോയിൽ താരം പരാമർശിക്കുന്നുണ്ട്. എന്തായാലും ചുമ്മാ ഒരു കൗതുകത്തിന് ജയസൂര്യ പങ്കുവെച്ച വീഡിയോ ആരാധകർക്കും നന്നേ ഇഷ്‌ടപ്പെട്ടു.