കണ്ണൂർ: തലശ്ശേരിയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര മേളയുടെ മൂന്നാം ദിനത്തിൽ നാല് മത്സര ചിത്രങ്ങൾ ഉൾപ്പടെ 24 ചലച്ചിത്രങ്ങൾ പ്രദർശനത്തിന്. ജയരാജ് സംവിധാനം ചെയ്ത ഹാസ്യം, മറാഠി ചിത്രം സ്ഥൽപുരാൺ, ബ്രസീലിയൻ ചിത്രം ഡെസ്റ്ററോ, അലഹാഡ്രോ റ്റെലമാക്കോ സംവിധാനം ചെയ്‌ത ലോൺലി റോക്ക് എന്നിവയാണ് മൂന്നാം ദിനത്തിലെ മത്സര ചിത്രങ്ങൾ.
ലോക സിനിമാ വിഭാഗത്തിൽ ദി മാൻ ഹൂ സോൾഡ് ഹിസ് സ്കിൻ, വൈഫ് ഓഫ് എ സ്പൈ, സമ്മർ ഓഫ് 85, യെല്ലോ ക്യാറ്റ്, 200 മീറ്റേഴ്‌സ്, നീഡിൽ പാർക്ക് ബേബി തുടങ്ങിയ ഒൻപത് ചിത്രങ്ങളും ഇന്ത്യൻ സിനിമ വിഭാഗത്തിൽ തമിഴ് ചിത്രമായ കുതിരൈവാൽ, ഗോഡ് ഓൺ ദി ബാൽക്കണി, ദി ഷെപ്പേർഡെസ് ആൻഡ് ദി സേവൻ സോങ് എന്നിവയും പ്രദർശിപ്പിക്കും.
മലയാള സിനിമ വിഭാഗത്തിൽ അറ്റെൻഷൻ പ്ളീസ്, വാങ്ക് എന്നീ ചിത്രങ്ങളും സംവിധായകൻ ഷാനവാസ് നരണിപ്പുഴയക്ക് ആദരം അർപ്പിച്ചുകൊണ്ട് കരിയും പ്രദർശിപ്പിക്കും. കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ മലയാള ചിത്രങ്ങളായ ബിരിയാണി, വാസന്തി എന്നീ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.