ഹൈദരാബാദ്: തെലുങ്ക് സിനിമ നിര്‍മാതാവ് ദഗുബാട്ടി സുരേഷ് ബാബുവിന്‍റെ ഉടമസ്ഥതയിലുള്ള രാമനായിഡു സ്റ്റുഡിയോസിലും അദ്ദേഹത്തിന്‍റെ വസതിയിലും ബുധനാഴ്ച ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. ബുധനാഴ്ച പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. നികുതി വെട്ടിപ്പ് നടത്തിയെന്ന തരത്തില്‍ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രൊഡക്ഷൻ ഹൗസ് സമർപ്പിച്ച ഇന്‍കംടാക്‌സ് റിട്ടേണുകള്‍ കണക്കിലെടുത്ത് റെയ്ഡ് നടന്നത്. പരിശോധനയില്‍ ചില രേഖകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. തെലുങ്ക് ചലച്ചിത്ര മേഖലയില്‍ അറിയപ്പെടുന്ന നിര്‍മാതാക്കളില്‍ ഒരാളായ സുരേഷ് ബാബുവിന്‍റെ ഉടമസ്ഥതയില്‍ സുരേഷ് പ്രൊഡക്ഷന്‍സെന്ന നിര്‍മാണ കമ്പനിയും ഉണ്ട്. നടന്‍ റാണ ദഗുബാട്ടിയുടെ പിതാവാണ് ദഗുബാട്ടി സുരേഷ് ബാബു.
ടോളിവുഡിലെ ഏറ്റവും സമ്പന്നമായ രാമനായിഡു പ്രൊഡക്ഷൻ ഹൗസ് സ്ഥാപിച്ചത് പഴയകാല നിര്‍മാതാവും സുരേഷ് ബാബുവിന്‍റെ അച്ഛനുമായ ദഗുബാട്ടി രാമനായിഡുവാണ്. ഇന്ത്യയിലെ വിവിധ ഭാഷകളിലായി 150 ല്‍ അധികം സിനിമകള്‍ ഇവരുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്.