ജോലി സമയത്ത് നഴ്‌സിങ് ജീവനക്കാര്‍ മലയാളം സംസാരിക്കരുതെന്ന ഡല്‍ഹി ജി.ബി പന്ത് ആശുപത്രിയുടെ സര്‍ക്കുലര്‍ വലിയ വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരുന്നു. ആശയവിനിമയത്തിന് ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ മാത്രം ഉപയോഗിക്കാനും മറ്റ് ഭാഷകള്‍ സംസാരിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ആശുപത്രി അധികൃതര്‍ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. നഴ്‌സുമാര്‍ മലയാളം സംസാരിക്കുന്നതിനെതിരെ ആരോഗ്യ വിഭാഗത്തിന് പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഇറക്കുന്നതെന്നായിരുന്നു വിശദീകരണം. ഇതിനെതിരെ ദേശീയതലത്തില്‍ തന്നെ പ്രതിഷേധമുണ്ടായതിന് പിന്നാലെ സര്‍ക്കുലര്‍ റദ്ദാക്കുകയും ചെയ്‌തു. ഇപ്പോഴിതാ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി ശ്വേത മേനോന്‍. മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍ മാത്രം ആശയവിനിമയം നടത്താന്‍ ആശുപത്രി നല്‍കിയ സര്‍ക്കുലര്‍ രാജ്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിവാദപരമായ ആ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും ശ്വേത ഫേസ്ബുക്കില്‍ കുറിച്ചു.
- " class="align-text-top noRightClick twitterSection" data="">
'മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍ മാത്രം ആശയവിനിമയം നടത്താന്‍ നഴ്‌സിങ് സ്റ്റാഫിന് ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രി നല്‍കിയ സര്‍ക്കുലര്‍ നമ്മുടെ രാജ്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. കൊവിഡ് കാലഘട്ടത്തില്‍ നമ്മെ സുരക്ഷിതരാക്കാന്‍ മലയാളി നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും ജീവന്‍ പണയപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മറക്കരുത്. അവരെ മാറ്റി നിര്‍ത്തുകയല്ല... അഭിനന്ദിക്കുകയാണ് വേണ്ടത്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലും ഏഴ് കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു ഇന്ത്യക്കാരനും ഏതെങ്കിലും രീതിയിലുള്ള ഭാഷാ വിവേചനം നേരിടരുത്. കാരണം നമ്മുടെ ശക്തി നാനാത്വത്തില്‍ ഏകത്വം എന്നതാണ്. വിവാദപരമായ ആ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ അതിയായ സന്തോഷമുണ്ട്. ഇതിനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും ഇനിയും അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ പൊരുതാനുള്ള ശക്തിയുണ്ടാവട്ടെ...' ശ്വേത മേനോന്‍ കുറിച്ചു.
Also read: 'മലയാളം സംസാരിയ്ക്കരുത്' ; വിവാദ ഉത്തരവ് റദ്ദാക്കി ഡല്‍ഹി ആശുപത്രി
ഉത്തരവിനെതിരെ കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, കെ.സി വേണുഗോപാല്‍, ശശി തരൂര്‍ എന്നിവരുള്‍പ്പെടെ രംഗത്ത് വന്നിരുന്നു. ഭാഷാവിവേചനം അവസാനിപ്പിക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റും ചെയ്‌തിരുന്നു. സര്‍ക്കുലര്‍ വിചിത്രവും ഭരണഘടന വിരുദ്ധവുമാണെന്ന് കെ.സി വേണുഗോപാലും മനുഷ്യാവകാശ ലംഘനമാണെന്ന് ശശി തരൂര്‍ എംപിയും പ്രതികരിച്ചിരുന്നു.