എറണാകുളം: ജോർജിയയിലെ അറ്റ്ലാന്‍റയില്‍ നടക്കുന്ന 'ഔട്ട് ഓൺ ഫിലിം' എൽജിബിടിക്യു രാജ്യാന്തര ചലച്ചിത്രമേളയുടെ ഔദ്യോഗിക പട്ടികയിൽ ഇന്ത്യൻ ഡോക്യുമെന്‍ററി 'ഗ്രേസ്' ഇടം നേടി. ഭിന്നലിംഗക്കാരുടെ ജീവിത യാഥാർഥ്യത്തെ ലോകത്തിന്‍റെ മുമ്പില്‍ എത്തിക്കാനും ചർച്ചകളും മാറ്റങ്ങളും സൃഷ്ടിക്കുവാനും ലക്ഷ്യമിടുന്ന ഒരു ചലച്ചിത്ര മേളകൂടിയാണ് അറ്റ്ലാന്‍റ എൽജിബിടിക്യു രാജ്യാന്തര ചലച്ചിത്രമേള. തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്വദേശിയായ ഗ്രേസ് ബാനു എന്ന ദളിത്-ട്രാൻസ്ജെൻഡർ പ്രവർത്തകയുടെ യഥാർഥ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ഡോക്യുമെന്‍ററിയാണിത്. ഭിന്നലിംഗ-ദളിത് സമൂഹങ്ങളുടെ അവകാശങ്ങൾക്കും നീതിക്കും വേണ്ടി പോരാടുന്ന ഗ്രേസ് ബാനുവിന്‍റെ പോരാട്ടവും, ശബ്ദവുമാണ് ഈ ഡോക്യുമെന്‍ററിയില്‍ പകർത്തിയിരിക്കുന്നതെന്ന് സംവിധായകൻ സ്മാരക് സമർജിത് വ്യക്തമാക്കി. ഐഐഎം കശിപുറിലെ കമ്മ്യൂണിക്കേഷൻ വിഭാഗ അസിസ്റ്റന്‍റ് പ്രൊഫസർ കൂടിയാണ് സംവിധായകൻ. 31 മിനിറ്റ് ദൈർഘ്യമുളള ഈ തമിഴ് ഡോക്യുമെന്‍ററി മേളയിൽ ഷോർട്ട് ഡോക്യുമെന്‍ററി-വിദേശ ചിത്രം എന്ന വിഭാഗത്തിലാണ് പ്രദര്‍ശിപ്പിക്കുക.
ദൈനംദിന ജീവിതത്തിൽ ജാതി, ലിംഗ വിവേചനത്തിന് വിധേയരായ സ്വന്തം സുഹൃത്തുക്കൾ, കുടുംബാംഗങ്ങൾ, സഹപ്രവർത്തകർ എന്നിവരുടെ വ്യക്തിപരമായ അനുഭവങ്ങളാണ് തന്നെ ഈ ഡോക്യുമെന്‍ററി നിർമിക്കാൻ പ്രചോദനം നൽകിയതെന്നും സംവിധായകൻ പറഞ്ഞു. ദളിതരുടെ വിവേചനവും സമൂഹത്തിൽ അവർ നേരിടുന്ന പ്രശ്‌നങ്ങളും ഈ ഡോക്യുമെന്‍ററി ചർച്ച ചെയ്യുന്നു. ചിത്രത്തിന്‍റെ പ്രധാന കഥാപാത്രമായ ഗ്രേസ് ബാനു തന്‍റെ ഭിന്നലിംഗ-ദളിത് സമുദായത്തെ പൊതുസമൂഹത്തിന്‍റെ ഭാഗമാക്കാൻ വേണ്ടി പോരാടുന്നതാണ് ഡോക്യുമെന്‍ററിയുടെ സംഗ്രഹം. കൊവിഡിന്‍റെ സാഹചര്യത്തിൽ പല ചലച്ചിത്ര മേളകളും ഡിജിറ്റൽ ഓൺലൈൻ സംവിധാനങ്ങൾ വഴിയാണ് നടത്തുന്നത്. സെപ്റ്റംബർ 24 മുതൽ ഒക്ടോബർ നാല് വരെ വെർച്വൽ, ഡിജിറ്റൽ സംവിധാനങ്ങൾ വഴി നടക്കുന്ന ഈ ചലച്ചിത്ര മേളയിൽ സെപ്റ്റംബർ 24നാണ് 'ഗ്രേസ്' പ്രദര്‍ശിപ്പിക്കുക. സ്മാരക് തന്നെയാണ് എഡിറ്റിങും നിര്‍വഹിച്ചിരിക്കുന്നത്. പോണ്ടിച്ചേരി സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥികളായ തുളസി കുമാർ, ശരത്.എ.പ്രദീപ്, പൂനൈ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥികളായ പ്രിയസിംഗ്, ആസാദ് തുടങ്ങിയവര്‍ ചേര്‍ന്നാണ് ഛായാഗ്രഹണം. ആർ ജാഫ്രിസാണ് സംഗീതം. പൂനൈ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർഥിയായ രാഘവ് പുരിയാണ് സൗണ്ട് ഡിസൈൻ ചെയ്തിരിക്കുന്നത്.
- " class="align-text-top noRightClick twitterSection" data="">