കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവര സാങ്കേതിക വിദ്യ ചട്ടം ഒടിടി പ്ലാറ്റ്‌ഫോമുകൾക്കും വിവിധ ഡിജിറ്റല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും ബാധകമാണെന്ന് കേന്ദ്ര സർക്കാർ. പുതിയ ഐടി ചട്ടം പാലിച്ചോയെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് 15 ദിവസങ്ങൾക്കുള്ളിൽ നൽകണമെന്ന് ഒടിടി പ്ലാറ്റ്‌ഫോമുകളോടും ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോടും വിവര പ്രക്ഷേപണ മന്ത്രാലയം നിർദേശിച്ചു. ഡിജിറ്റൽ ന്യൂസ് ഓർഗനൈസേഷനുകൾ, സാമൂഹ മാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്‌ഫോമുകള്‍ തുടങ്ങിയ സേവനങ്ങളെ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസർക്കാർ ചട്ടം കൊണ്ടുവന്നിരിക്കുന്നത്.
2021ലെ ഇന്‍റര്‍മീഡിയറി ഗൈഡ്‌ലൈനുകളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡുകളും പ്രകാരം സ്വയം നിയന്ത്രിത ബോഡികൾ രൂപീകരിക്കുന്ന പ്രക്രിയ ആരംഭിച്ചതായി 60 ഓളം പ്രസാധകരും അവരുടെ അസോസിയേഷനുകളും മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്ന് വിവര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ചയാണ് ചട്ടം നിലവിൽ വന്നത്. ഇതിന്‍റെ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. ഫെബ്രുവരി 25നാണ് കേന്ദ്രസർക്കാർ വിവര സാങ്കേതിക വിദ്യ ചട്ടം കൊണ്ടുവന്നത്.
ഫേസ്‌ബുക്ക്, വാട്‌സ് ആപ്പ്, ഇൻസ്റ്റഗ്രാം, ട്വിറ്റർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകളോട് റിപ്പോർട്ട് ഉടൻ നൽകണമെന്ന് കേന്ദ്രം നേരത്തേ ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഇന്ത്യയിൽ നിന്നുള്ള ഒരു ഉദ്യോഗസ്ഥനെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ നിയമിക്കുക, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുക, ഉള്ളടക്കം പരിശോധിക്കുക, വേണ്ടിവന്നാൽ പോസ്റ്റ് നീക്കം ചെയ്യുക തുടങ്ങിയ കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളും ഡിജിറ്റൽ മീഡിയയും നിയന്ത്രിക്കാൻ കേന്ദ്രം കൊണ്ടുവന്ന പുതിയ ചട്ടങ്ങള്‍.
Also read: ഇൻസ്റ്റഗ്രാമിൽ ഇനി ലൈക്കില്ല; ഇന്ത്യയിലും ഫീച്ചർ അവതരിപ്പിച്ച് കമ്പനി