ഗാനഗന്ധർവ്വന് എട്ടാമത്തെ ദേശീയ പുരസ്കാരം നേടിക്കൊടുത്ത "പോയ് മറഞ്ഞ കാലം..." പി.ടി കുഞ്ഞു മുഹമ്മദ് സംവിധാനം ചെയ്ത വിശ്വാസപൂര്‍വം മന്‍സൂര്‍ എന്ന ചിത്രത്തിലെ ഗാനത്തിന് രമേശ് നാരായണന്‍ ഈണമിട്ടപ്പോൾ വരികൾ എഴുതിയത് പ്രേം ദാസായിരുന്നു. "പോയ് മറഞ്ഞ കാലം.. വന്നു ചേരുമോ...
പെയ്തൊഴിഞ്ഞ മേഘം.. വാനം തേടുമോ..
വർണ്ണമേഴും ചാർത്തും.. മാരിവില്ലുപോലെ
അഴകെഴുന്ന ബാല്യം വരുമോ പ്രിയേ...
ആദ്യാനുരാഗം മധുരം...പ്രിയേ
പോയ് മറഞ്ഞ കാലം വന്നു ചേരുമോ..."
ഈ ഗാനം ആസ്വദിക്കാത്ത മലയാളികളും അപൂർവമായിരിക്കും. എന്നാൽ, വരികളുടെ ഉപജ്ഞാതാവ് പ്രേം ദാസ് ഇന്നെവിടെയെന്നതിന്‍റെ ഉത്തരം അൽപം അമ്പരിപ്പിക്കുമെന്നാണ് മുൻമന്ത്രി ഷിബു ബേബി ജോണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
യേശുദാസിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ഗാനത്തിന്‍റെ രചയിതാവ് ഇപ്പോൾ തൃശൂരിലെ ഒരു ആയുര്‍വേദ ചികിത്സാലയത്തില്‍ തോട്ടക്കാരനാണ്. തൂലിക പിടിച്ച കൈയിൽ കത്രിക പിടിച്ച് നിൽക്കുന്ന ദൃശ്യം തന്നെ അമ്പരിപ്പിക്കുന്നതായിരുന്നു എന്ന് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച നീണ്ട കുറിപ്പിൽ ഷിബു ബേബി ജോൺ വിശദീകരിച്ചു.
- " class="align-text-top noRightClick twitterSection" data="">
മാന്യമായൊരു തൊഴിൽ ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാൽ ഓരോ മേഖലയിൽ നിന്നും ഇതുപോലെ പ്രതിഭാധനരായ വ്യക്തിത്വങ്ങൾ കൊഴിഞ്ഞുപോകുന്നത് വലിയ നഷ്ടമാണെന്നും അദ്ദേഹത്തിന്‍റെ രചനയിൽ പിറക്കേണ്ട എത്രയോ മികച്ച ഗാനങ്ങളായിരിക്കും ഇതുവരെ നഷ്ടമായതെന്നും മുൻമന്ത്രി പറഞ്ഞു. "പ്രതിഭയുടെ നിറവുള്ള ആ വിരലുകള്‍ വീണ്ടും പേനയേന്തുന്ന നാളുകള്‍ക്കായി കാത്തിരിക്കുന്നു," എന്ന് കൂട്ടിച്ചേർത്തുകൊണ്ടാണ് ഷിബു ബേബി ജോണ്‍ തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഒപ്പം പ്രേം ദാസിന്‍റെ ചിത്രങ്ങളും ഫേസ്ബുക്ക് പോസ്റ്റിനൊപ്പം അദ്ദേഹം ചേർത്തിട്ടുണ്ട്.
ഷിബു ബേബി ജോണിന്‍റെ കുറിപ്പ്
'കഴിഞ്ഞ 14 വർഷമായി കഴിവതും സ്ഥിരമായി ഞാൻ ആയുർവേദ ചികിൽസയ്ക്ക് വരുന്ന സ്ഥലമാണ് തൃശൂരിലെ മജ്ലീസ് ആയുർവേദ പാർക്ക്. വർഷങ്ങളായി വരുന്നതിനാൽ ഇവിടത്തെ എല്ലാ ജീവനക്കാരുമായി നല്ല സൗഹൃദമാണ് ഉള്ളത്. ഇന്നലെ രാവിലെ ലൈറ്റ് എക്സർസൈസിൻ്റെ ഭാഗമായി നടക്കാനിറങ്ങിയപ്പോൾ ഒരു പുതിയ ജീവനക്കാരൻ ഇവിടത്തെ പൂന്തോട്ടത്തിൽ പണിയെടുക്കുന്നത് കണ്ടു. അദ്ദേഹത്തിൻ്റെ അടുത്തേക്ക് പോയി പരിചയപ്പെട്ടു. അത് ആരാണെന്നറിഞ്ഞ അമ്പരപ്പിൽ നിന്നും ഞാൻ ഇപ്പോഴും മോചിതനായിട്ടില്ല.
അദ്ദേഹത്തിൻ്റെ പേര് പ്രേം ദാസ്. 2017 ൽ ഗാനഗന്ധർവൻ ഡോ. കെ.ജെ യേശുദാസിന് ദേശീയ പുരസ്കാരം നേടിക്കൊടുത്ത പി.ടി കുഞ്ഞുമുഹമ്മദിൻ്റെ 'വിശ്വാസപൂർവം മൻസൂർ' എന്ന ചിത്രത്തിലെ 'പോയ്മറഞ്ഞ കാലം' എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ രചയിതാവാണ് പ്രേംദാസ്. മനസ്സിൽ ഒരുപാട് സ്വപ്നങ്ങളുണ്ടെങ്കിലും ജീവിത പ്രാരാബ്ദങ്ങൾ മൂലം ഇവിടെ തോട്ടക്കാരനായി ജോലി ചെയ്യേണ്ടി വരുന്ന ആ ജീവിതം ശരിക്കും കരളലിയിക്കുന്നതാണ്.
Also Read: ദിലീപ് കുമാറിന്‍റെ ആരോഗ്യനില തൃപ്‌തികരം, ഇന്ന് ആശുപത്രി വിടും
ഒരു ദേശീയ അവാർഡിന് കാരണമായ ഗാനം രചിച്ച പ്രതിഭാധനനായ വ്യക്തിയ്ക്ക് പോലും ഈ അവസ്ഥ ഉണ്ടാകുന്നുവെന്നത് സത്യത്തിൽ വേദനയുണ്ടാക്കുന്ന കാര്യമാണ്. ജീവനുള്ള ആ വരികൾക്ക് ജന്മം നൽകിയ കൈകളിൽ തൂലികയ്ക്ക് പകരം ഇന്ന് കത്രികയേന്തേണ്ടി വരുന്നത് നമ്മുടെ കൂടി പരാജയമാണ്. സാഹിത്യകാരും കലാകാരന്മാരുമൊക്കെ സമൂഹത്തിൻ്റെ സമ്പത്താണ്. അതാത് മേഖലയിൽ നിന്നും അവർ കൊഴിഞ്ഞുപോയാൽ ആ നഷ്ടം നമ്മുടേതാണെന്ന് നാം തിരിച്ചറിയണം.
മാന്യമായൊരു തൊഴിൽ ചെയ്താണ് ജീവിക്കുന്നതെന്ന് പ്രേമിന് അഭിമാനിക്കാം. എന്നാൽ നമ്മൾ മലയാളികൾക്ക് നഷ്ടപ്പെട്ടത് എത്രയോ മികച്ച ഗാനങ്ങളായിരിക്കും. പ്രതിഭയുടെ നിറവുള്ള ആ വിരലുകൾ വീണ്ടും പേനയേന്തുന്ന നാളുകൾക്കായി കാത്തിരിക്കുന്നു.'