ലോക്ക് ഡൗണിന് ശേഷം കേരളത്തിലെ തിയേറ്ററുകളിലെത്തിയ ആദ്യ മലയാളചിത്രമായിരുന്നു വെള്ളം. കഴിഞ്ഞ വെള്ളിയാഴ്‌ചയായിരുന്നു വെള്ളം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. മികച്ച പ്രതികരണമാണ് ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്‌ത വെള്ളത്തിന് ലഭിക്കുന്നത്. ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ഉൾപ്പെടെയുള്ളവരിൽ നിന്നും ചിത്രത്തിനും നായകന്‍റെ പ്രകടനത്തിനും അഭിനന്ദനങ്ങളും ആശംസകളും ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ, കേരളത്തിന്‍റെ കറുത്ത മുത്ത് എന്നറിയപ്പെടുന്ന ഫുട്‌ബോൾ താരം ഐ.എം വിജയൻ ജയസൂര്യക്കും വെള്ളം ടീമിനും പ്രശംസയറിയിക്കുകയാണ്.
- " class="align-text-top noRightClick twitterSection" data="">
വെള്ളം ഒരു ഒന്നൊന്നര ചിത്രമാണെന്നും ജയസൂര്യയുടെ പ്രകടനം അത്യുഗ്രമായെന്നും വിജയൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. "ജയസൂര്യയുടേത് വൺമാൻഷോയാണ്. അഭിനയം നന്നായിട്ടുണ്ട്. ഒരു സംസ്ഥാന അവാർഡോ അതിനേക്കാൾ വലിയ പുരസ്‌കാരമോ ലഭിക്കുമെന്ന് കരുതുന്നു"വെന്നും ഫുട്ബോൾ താരം പറഞ്ഞു. എല്ലാവരും സിനിമ തിയേറ്ററുകളിൽ പോയി കാണണമെന്നും ജയന്‍റെ അഭിനയം തിയേറ്റർ അനുഭവത്തിലൂടെയാണ് പൂർണമായി ആസ്വദിക്കാനാകുകയെന്നും ഐ.എം വിജയൻ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഫുട്ബോളിന്‍റെ മുൻ കാപ്‌റ്റൻ കൂടിയായിരുന്ന ഐ.എം വിജയന്‍റെ അഭിനന്ദനവീഡിയോ പങ്കുവെച്ചുകൊണ്ട് ഫുട്ബോൾ താരത്തിന് ജയസൂര്യ നന്ദി അറിയിച്ചു.
ഫുട്‌ബോളിന് പുറമെ സിനിമയിലും സജീവമാകുകയാണ് ഐ.എം വിജയൻ. ദളപതി വിജയ്‌യുടെ ബിഗിൽ എന്ന ചിത്രത്തിന് ശേഷം പരിസ്ഥിതി സംരക്ഷണവും പ്രകൃതിയും പശ്ചാത്തലമാക്കി ഒരുക്കുന്ന മ് മ് മ് സിനിമയിലെ കേന്ദ്ര വേഷം ചെയ്യുന്നതും ഐ.എം വിജയനാണ്.