നടന്‍ ധ്യാന്‍ ശ്രീനിവാസന്‍റെ ആദ്യ സംവിധാന സംരംഭം 'ലവ് ആക്ഷൻ ഡ്രാമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നടൻ ദിലീപാണ് പോസ്റ്റര്‍ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. നിവിൻ പോളിയും തെന്നിന്ത്യൻ സൂപ്പര്‍ നായിക നയൻതാരയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം ഈ വര്‍ഷം സെപ്‌തംബറോടെ തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം. ഒമ്പത് വര്‍ഷങ്ങൾക്ക് ശേഷം മലര്‍വാടി ആര്‍ട്‌സ് ക്ലബിലെ താരങ്ങളെല്ലാം ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട് ചിത്രത്തിന്. നിവിൻ, അജു വർഗീസ്, ഹരികൃഷ്ണൻ, ഭഗത്, നന്ദൻ എന്നിവർക്കൊപ്പം ശ്രാവണും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉര്‍വശി, ധന്യ ബാലകൃഷ്ണന്‍, ജൂഡ് ആന്‍റണി ജോസഫ് തുടങ്ങിയവരും സിനിമയിൽ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നു. അജു വർഗീസും വിശാഖ് സുബ്രഹ്മണ്യനും ചേർന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.
നിവിന്‍ പോളി ദിനേശന്‍ എന്ന കഥാപാത്രത്തെയും നയന്‍താര ശോഭ എന്ന കഥാപാത്രത്തെയും ആണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. 2013 ൽ തിര എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ ധ്യാൻ പിന്നീട് കുഞ്ഞി രാമായണം, അടി കപ്യാരേ കൂട്ടമണി, ഒരേ മുഖം, ഗൂഢാലോചന, കുട്ടിമാമ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സച്ചിനാണ് ധ്യാനിന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രം. നിരവധി സിനിമകളാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയൻതാരയുടേതായി ഈ വര്‍ഷം ഇറങ്ങാനിരിക്കുന്നത്. ഈ വര്‍ഷം ആദ്യം വിശ്വാസം, ഐറാ, മിസ്റ്റര്‍ ലോക്കല്‍ തുടങ്ങിയ ചിത്രങ്ങളാണ് നയൻതാരയുടേതായി തമിഴിൽ ഇറങ്ങിയത്. കൊലയുതിര്‍ കാലം, സെറാ നരസിംഹ റെഡ്ഡി, ബിജിൽ, ദര്‍ബാര്‍ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്‍റേതായി ഇനി തമിഴിൽ ഇറങ്ങാനുള്ളത്. 2003 ൽ മനസ്സിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ സിനിമാ രംഗത്തെത്തിയ താരം എൺപതോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2016 ൽ ഇറങ്ങിയ പുതിയ നിയമമാണ് അവസാനമായി നയൻസ് അഭിനയിച്ച മലയാള സിനിമ.