മലപ്പുറം: നടനും സംവിധായകനുമായ രവീന്ദ്രന്‍റെ നേതൃത്വത്തിൽ പാത്തിപ്പാറ ഐലൻഡ് ഹോംസ് വില്ലാ കോളനിയിൽ ചലച്ചിത്ര ശിൽപശാല സംഘടിപ്പിച്ചു. സിനിമാ- നാടക നടി നിലമ്പൂർ ആയിഷ ശില്‍പശാല ഉദ്ഘാടനം ചെയതു. സ്ത്രീകൾ അടിമകൾ അല്ല ഉടമകളാണെന്ന് നിലമ്പൂര്‍ ആയിഷ പറഞ്ഞു. മുസ്ലീം സമുദായത്തില്‍ നിന്നും നാടകരംഗത്തേക്ക് എത്തിയപ്പോള്‍ അനുഭവിക്കേണ്ടിവന്ന ബുദ്ധിമുട്ടുകളെ കുറിച്ചും നിലമ്പൂര്‍ ആയിഷ ശില്‍പശാലയില്‍ വിശദീകരിച്ചു.
അഭിനയത്തിൽ താൽപര്യമുള്ളവർക്ക് ഈ ശിൽപശാല ഒരു അവസരമാണെന്നും എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അവര്‍ ആവശ്യപ്പെട്ടു. നിലമ്പൂർ ആയിഷയെ രവീന്ദ്രൻ ചടങ്ങില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. നന്മയുള്ള കുറെ മനുഷ്യരുടെ കേന്ദ്രമാണ് നിലമ്പൂരെന്നും ഇത് നിലമ്പൂരിന് മാത്രമായുള്ള വലിയ ഒരു സംസ്ക്കാരമായി കാണുന്നുവെന്നും രവീന്ദ്രന്‍ പറഞ്ഞു. ഡിവിഷൻ കൗൺസിലർ സുരേഷ് പാത്തിപ്പാറ, സ്വാലിഹ് കല്ലട, കൃഷ്ണ.എസ്.കുമാർ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. സാംസ്‌കാരിക സാഹിതി ചെയർമാൻ ആര്യാടൻ ഷൗക്കത്തും ശില്‍പശാലയില്‍ പങ്കെടുത്തു. നിലമ്പൂരിലെ കുട്ടികൾക്കും, യുവതി യുവാക്കൾക്കും വേണ്ടിയാണ് രവീന്ദ്രന്‍റെ നേതൃത്വത്തില്‍ ശിൽപശാല സംഘടിപ്പിച്ചത്.