'മാലിക്കി'ന്‍റെ തിയേറ്റർ അനുഭവം നഷ്‌ടപ്പെടുന്നുവെന്ന ആശങ്കയുണ്ടെങ്കിലും ജൂലൈ 15ലേക്കാണ് മലയാളികളുടെ മുഴുവൻ ആകാംക്ഷയും. മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിന്‍റെ പുതിയ ട്രെയിലറെത്തി.
- " class="align-text-top noRightClick twitterSection" data="">
27 കോടിയോളം രൂപ ചെലവഴിച്ച് നിർമിക്കുന്ന ഫഹദിന്‍റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രത്തിൽ സുലൈമാൻ മാലിക്കിന്‍റെ 30 വർഷത്തെ ജീവിതമാണ് പ്രമേയമാകുന്നത്. ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള അനീതികളും അതിനെതിരെയുളള പോരാട്ടവുമുൾപ്പെടുന്ന യഥാർഥ ജീവിത സംഭവങ്ങളെ ആസ്‌പദമാക്കിയാണ് മാലിക് തയ്യാറാക്കിയിരിക്കുന്നത്.
20 കിലോയോളം ശരീരഭാരം കുറച്ച് അതിശയകരമായ മേക്കോവറിലാണ് ഫഹദ് ഫാസിൽ മാലിക്കായി എത്തുന്നത്. നിമിഷ സജയൻ, പൂർണിമ ഇന്ദ്രജിത്ത്, ഇന്ദ്രൻസ്, വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
More Read: 'ഞങ്ങൾക്കറിയാം ഈ നാടെങ്ങനെ കാക്കണമെന്ന്'; സുലൈമാൻ മാലിക്കായി ഫഹദ്
സംവിധാനത്തിന് പുറമെ പൊളിറ്റിക്കൽ ഡ്രാമ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നതും മഹേഷ് നാരായണനാണ്. സാനു ജോണാണ് ഛായാഗ്രഹകൻ. സുഷിന്‍ ശ്യാം ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നു. അൻവർ അലിയാണ് ഗാനരചന.
മാലിക് റിലീസ് ആമസോൺ പ്രൈമിൽ
നേരത്തെ മെയ് മാസം 14ന് റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപിച്ചതെങ്കിലും കൊവിഡ് രണ്ടാം തരംഗത്തിനെ തുടർന്ന് തിയേറ്ററുകൾ വീണ്ടും അടച്ചുപൂട്ടിയതോടെ സിനിമ ഒടിടി റിലീസിലേക്ക് നീങ്ങുകയായിരുന്നു. ജൂലൈ 15ന് ആഗോളതലത്തിൽ ആമസോൺ പ്രൈമിലൂടെയാണ് മാലിക് റിലീസ് ചെയ്യുന്നത്. ആന്‍റോ ജോസഫാണ് ചിത്രത്തിന്‍റെ നിർമാതാവ്.
More Read: മാലിക് ഒടിടിയിൽ കൂട്ടായെടുത്ത തീരുമാനം, പഠനം, പ്രണയം, മലയൻകുഞ്ഞിലെ അപകടം: ഫഹദ് ഫാസിലിന്‍റെ കുറിപ്പ്
ഒരിക്കലും ഒടിടിയിലൂടെ റിലീസ് ചെയ്യാനായി വിചാരിച്ച സിനിമയല്ല മാലിക് എന്നും, എന്നാൽ തിയേറ്ററുകൾ പഴയ രീതിയിലാകുന്നത് വരെ കാത്തിരിക്കാനാകില്ലെന്നും ഫഹദ് ഫാസിൽ നേരത്തെ ഫേസ്ബുക്കിലൂടെ പങ്കുവച്ച പ്രസ്‌താവനയിൽ വിശദീകരിച്ചിരുന്നു. മുമ്പ് ഫഹദ്-മഹേഷ് കൂട്ടുകെട്ടിൽ ഒരുക്കിയ 'സീ യു സൂൺ' ചിത്രവും ആമസോൺ പ്രൈമിലൂടെ നേരിട്ട് റിലീസ് ചെയ്‌തിട്ടുണ്ട്.