പ്രേമമെന്ന ഒരൊറ്റ ചിത്രത്തിലൂടെ മലയാളി സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ കയറി കൂടിയ നടിയാണ് സായി പല്ലവി. 2008ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ധാം ധൂമിലൂടെ അഭിനയരംഗത്തെത്തിയ സായി പല്ലവി 2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച സിനിമ പ്രേമത്തിലൂടെയാണ് മലയാള സിനിമയില്‍ എത്തുന്നത്. മൂന്ന് നായികമാരുണ്ടായിരുന്ന സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ ലഭിച്ചത് സായിക്കായിരുന്നു. മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളിലും സായി അഭിനയിച്ച് കഴിഞ്ഞു. മികച്ച അഭിപ്രായത്തില്‍ മുന്നേറുന്ന ഫഹദ് ഫാസില്‍ ചിത്രം അതിരനാണ് സായിയുടേതായി മലയാളത്തില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. പ്രേമം സിനിമയില്‍ മലർ മിസായെത്തി മലയാളത്തിന്‍റെ മനം കവർന്ന സായി പല്ലവിയുടെ പിറന്നാൾ ആണ് ഇന്ന്. പിറന്നാള്‍ ആഘോഷിക്കുന്ന താരത്തിന് ആരാധകര്‍ സമൂഹ മാധ്യമങ്ങളിലൂടെ ആശംസകളുമായി എത്തിയിട്ടുണ്ട്. മുഖക്കുരുവും, ചീകിയൊതുക്കാത്ത മുടിയും അതിമനോഹരമായ തമിഴ് സംഭാഷണങ്ങളും കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കാനും സായിക്ക് സാധിച്ചു. സൗത്ത് ഇന്ത്യയിലെ ടെലിവിഷന്‍ ഡാന്‍സ് റിയാലിറ്റി ഷോകളില്‍ നര്‍ത്തകിയായി മത്സരിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് സായി പ്രവേശിക്കുന്നത്. പ്രേമത്തിന് ശേഷം മലയാളത്തിലെ യുവ നടനന്മാര്‍ക്കൊപ്പം മൂന്നോളം സിനിമകള്‍ ചെയ്തു. നായക നടനോടൊപ്പം തന്നെ അഭിനയ മികവ് കാഴ്ചവെച്ച് സായി സിനിമ ആസ്വാദകരുടെ കൈയ്യടികള്‍ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഫിലിം ഫെയര്‍ അടക്കം നിരവധി അവാര്‍ഡുകളും സായിയെ തേടി എത്തിയിട്ടുണ്ട്.
തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ കോട്ടഗിരിയില്‍ ജനിച്ച സായി പല്ലവി വളര്‍ന്നത് കോയമ്പത്തൂരിലാണ്. അഭിനയ രംഗത്തും, നൃത്തരംഗത്തും സജീവമായ സായി പല്ലവി ഒരു ഡോക്ടര്‍ കൂടിയാണ്. സൂര്യ നായകനായി എത്തുന്ന എന്‍ജികെ ആണ് സായി പല്ലവിയുടെ റിലീസിന് തയ്യാറായി നില്‍ക്കുന്ന പുതിയ ചിത്രം. നടന്‍ ധനുഷിനൊപ്പം സായി തകര്‍ത്ത് നൃത്തം ചെയ്ത മാരി 2വിലെ റൗഡി ബേബി എന്ന ഗാനം റെക്കോര്‍ഡുകള്‍ വാരിക്കൂട്ടിയിരുന്നു.