പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്‍റെ ജീവിത കഥ പറയുന്ന 'കുറുപ്പ്' റിലീസിനോടടുക്കുകയാണ്. നവംബര്‍ 12 ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തെ കുറിച്ചുള്ള പുതിയ വിശേഷങ്ങളുമായി ദുല്‍ഖര്‍ സല്‍മാന്‍. 'കുറുപ്പ്' പോലുള്ള വലിയ സിനിമകൾ തിയേറ്ററിൽ തന്നെ കാണണമെന്നും ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നതില്‍ റിസ്‌ക് ഉണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞു.
റിസ്‌ക് ഏറ്റെടുക്കുന്നതായി ദുല്‍ഖർ
കൊച്ചിയില്‍ ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം. 'കുറുപ്പ്' പോലുള്ള വലിയ സിനിമകള്‍ തിയേറ്ററില്‍ തന്നെ കാണണം. ഒടിടിക്ക് വേണ്ടി വേറെ തരം സിനിമകൾ ഉണ്ടാകും.
നിലവിലെ സാഹചര്യത്തിൽ തിയേറ്റർ റിലീസിൽ റിസ്ക് ഫാക്ടർ ഉണ്ട്. ആ റിസ്ക് ഏറ്റെടുത്താണ് 'കുറുപ്പ്' തിയേറ്ററിൽ എത്തിക്കുന്നത്. എല്ലാതരം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും കുറുപ്പ്. ചിത്രത്തോട് പരമാവധി കൂറ് പുലർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് കരുതുന്നത്.
സുകുമാരകുറുപ്പിന്‍റെ ജീവിതത്തിന്‍റെ ആഴത്തിലേക്ക് ചിത്രം കടന്നുചെല്ലുന്നുണ്ട്. സുകുമാരകുറുപ്പ് എന്ന കുറ്റവാളിയുടെ ഇതുവരെ പരിചതമല്ലാത്ത ജീവിതം കൂടി ഈ ചിത്രത്തിന്‍റെ ഭാഗമാണ്. -ദുൽഖർ സൽമാൻ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഫിയോക്ക് പ്രസിഡന്‍റ് എം.വിജയകുമാറും സംസാരിച്ചു. യുവതാരങ്ങൾ അമേരിക്കൻ കോർപറേറ്റുകൾക്ക് ഒപ്പം നിൽക്കരുതെന്നും താരങ്ങളെ വളർത്തിയ തിയേറ്ററുകളെ മറക്കരുതെന്നുമാണ് അദ്ദേഹം പറഞ്ഞത്.
'ചിത്രങ്ങൾ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണം. കുറുപ്പിനായി തിയേറ്ററുകൾ പൂർണ സജ്ജമാണ്. മരയ്ക്കാറിന് വേണ്ടിയല്ല തിയേറ്റർ തയ്യാറെടുത്തത്, കുറുപ്പിന് വേണ്ടിയാണ്. കൊവിഡിന് ശേഷം കേരളത്തിലെ തിയേറ്ററുകളിൽ വലിയ ആഘോഷം സൃഷ്‌ടിക്കുന്ന സിനിമയായിരിക്കും കുറുപ്പ്.' -എം.വിജയകുമാര്‍ പറഞ്ഞു.
സംവിധായകൻ ശ്രീനാഥ് രാജേന്ദ്രനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. ബിഗ് ബഡ്‌ജറ്റ് ചിത്രമായ 'കുറുപ്പ്' തിയേറ്ററിലെത്തുമ്പോള്‍ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് താരങ്ങളും അണിയറ പ്രവർത്തകരും. തിയേറ്റർ ലക്ഷ്യമിട്ട് നിർമ്മിച്ച സിനിമയായതിനാലാണ് ചിത്രം ഒടിടിയിൽ നൽകാതെ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാൻ തീരുമാനിച്ചതും. മമ്മൂട്ടിയുടെ ഇടപെടലും ചിത്രം തിയേറ്ററിലെത്തുന്നതിന് നിർണായകമായി.