സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ സിനിമ ദൃശ്യം 2വിന്‍റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ ചോര്‍ന്നു. വ്യാഴാഴ്ച അര്‍ധരാത്രി മുതലാണ് ഒടിടി പ്ലാറ്റ്‌ഫോമായ ആമസോണ്‍ പ്രൈമില്‍ ദൃശ്യം 2 സ്ട്രീം ചെയ്‌ത് തുടങ്ങിയത്. സ്ട്രീമിങ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോഴേക്കും സിനിമയുടെ വ്യാജന്‍ ടെലഗ്രാമിലെത്തി. ആദ്യമായാണ് സൂപ്പര്‍താരം മോഹന്‍ലാലിന്‍റെ ഒരു സിനിമ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്യുന്നത്. ദൃശ്യത്തിന്‍റെ രണ്ടാം ഭാഗം എല്ലാം കൊണ്ടും മികച്ചതാണെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്. സിനിമ ചോര്‍ന്ന സംഭവത്തില്‍ നിര്‍മാതാക്കളോ അണിയറപ്രവര്‍ത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
2013 ൽ പുറത്തിറങ്ങിയ ദൃശ്യത്തിന്‍റെ രണ്ടാം ഭാഗമായ ദൃശ്യം 2 ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് നിര്‍മിച്ചിരിക്കുന്നത്. മോഹൻലാലിന് പുറമേ മീന, അൻസിബ, എസ്തർ, മുരളി ഗോപി, ആശ ശരത്, സിദ്ധിഖ് തുടങ്ങിയ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.