ഡോണ്‍ പാലത്തറ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത് 2015ല്‍ റിലീസിനെത്തിയ ശവം ഒടിടി പ്ലാറ്റഫോമിലൂടെ വീണ്ടും പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നു. ഒടിടി റിലീസിന് മുന്നോടിയായി സിനിമയുടെ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ക്രിസ്‌തീയ പശ്ചാത്തലത്തിൽ നടക്കുന്ന ഒരു മരണാനന്തര ചടങ്ങും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ശവത്തിന്‍റെ ഇതിവൃത്തം. ഈ ഉള്ളടക്കത്തെ സ്വതസിദ്ധമായ ശൈലി കൊണ്ട് വ്യത്യസ്‌ത അനുഭവമാക്കി മാറ്റാന്‍ ശ്രമിച്ചിരിക്കുകയാണ് സംവിധായകൻ. സാധാരണ മരണത്തെ സംബന്ധിക്കുന്ന സിനിമകളിലെ അനാവശ്യ ഡ്രാമ ഒഴിവാക്കി അതിനെ കൂടുതൽ റിയലിസ്റ്റിക്കായി സമീപിച്ചിരിക്കുന്നുവെന്നതാണ് ശവത്തിന്‍റെ മറ്റൊരു പ്രത്യേകത.
ബ്ലാക്ക് ആന്‍റ് വൈറ്റ് ടോണിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. അനീഷ്, മോളി, ഷിജോ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. സന്ദീപ് കുരിശ്ശേരി, ജിജി.പി.ജോസഫ് എന്നിവരാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രതാപ് ജോസഫാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഏത് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് സ്ട്രീം ചെയ്യുകയെന്നത് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
- " class="align-text-top noRightClick twitterSection" data="">
റിമ കല്ലിങ്കല്‍ കേന്ദ്രകഥാപാത്രമാകുന്ന സന്തോഷത്തിന്‍റെ ഒന്നാം രഹസ്യം എന്ന ചിത്രമാണ് ഡോണ്‍ പാലത്തറയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന മറ്റൊരു ചിത്രം. 85 മിനിറ്റ് ദൈര്‍ഘ്യം വരുന്ന ഒറ്റ ഷോട്ടിലാണ് സിനിമ എടുത്തിരിക്കുന്നത്. ഒരു കാര്‍ യാത്രയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. ജിതിന്‍ പുത്തഞ്ചേരി, നീരജ രാജേന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.