മലയാളത്തിന് നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകരില്‍ ഒരാളാണ് വിനയന്‍. പലപ്പോഴും അഭിപ്രായങ്ങള്‍ തുറന്നുപറഞ്ഞതിന്‍റെ പേരില്‍ സിനിമാമേഖലയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ട സംവിധായകന്‍. വിനയന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചൊരു കുറിപ്പ് ശ്രദ്ധേയമാവുകയാണ്. പന്ത്രണ്ട് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ തനിക്ക് നീതി കിട്ടിയെന്നാണ് വിനയന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. വിനയന് സിനിമയില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയ നടപടി നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലറ്റ് ട്രിബ്യൂണല്‍ ശരിവെച്ച് കൊണ്ടുള്ള ഉത്തരവിന്‍റെ പകര്‍പ്പും വിനയന്‍ ഒപ്പം പങ്കുവെച്ചിട്ടുണ്ട്. വിലക്ക് നീങ്ങിയതോടെ അമ്മ, ഫെഫ്ക തുടങ്ങിയ സംഘടനകള്‍ പിഴ അടക്കേണ്ടി വരുമെന്നും വിനയന്‍ കുറിപ്പില്‍ പറയുന്നു.
- " class="align-text-top noRightClick twitterSection" data="">
'കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി മലയാള സിനിമാരംഗത്തെ നീതിക്ക് വേണ്ടിയുള്ള എന്‍റെ പോരാട്ടത്തിന് വീണ്ടും ഒരു അംഗീകാരവും മറ്റൊരു വിജയവും ലഭിച്ചതിന്‍റെ സന്തോഷം എന്‍റെ സുഹൃത്തുക്കളോടൊപ്പം പങ്കുവെക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. രണ്ട് വര്‍ഷം മുമ്പ് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ മലയാള സിനിമാ സംഘടനകളായ ഫെഫ്കക്കും അമ്മക്കും അതിന്‍റെ ഭാരവാഹികള്‍ക്കും എതിരെ ലക്ഷക്കണക്കിന് രൂപയുടെ ഫൈന്‍ ചുമത്തിക്കൊണ്ട്, അസൂയയുടെയും അനാവശ്യ വൈരാഗ്യത്തിന്‍റെയും പേരില്‍ എന്നെക്കൊണ്ട് സിനിമ ചെയ്യിക്കാതിരിക്കാന്‍ നടത്തിയ ഹീനമായ ശ്രമങ്ങള്‍ കുറ്റകരവും ശിക്ഷാര്‍ഹവുമാണന്ന് വിധിച്ച കാര്യം ഏവരും ഓര്‍ക്കുന്നുണ്ടാവുമല്ലോ?
ഞാന്‍ മലയാള സിനിമയിലെ ദുഷിച്ച വ്യവസ്ഥിതിക്കെതിരെ പോരാടിയെങ്കില്‍, വിനയനെ ഒതുക്കി അതിന്‍റെ മുഴുവന്‍ നേട്ടവും വ്യക്തിപരമായി നേടിയെടുത്ത ഒരു സിനിമാ നേതാവിന്‍റെ നേതൃത്വത്തില്‍ അന്നത്തെ സിസിഐ വിധിക്കെതിരെ നല്‍കിയ അപ്പീല്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍റെ അപ്പലേറ്റ് ട്രീബൂണല്‍ തള്ളിക്കൊണ്ട് (നാല് അപ്പീലുകള്‍ ഒരുപോലെ തള്ളുകയാണുണ്ടായത്) ഇന്നലെ പുറപ്പെടുവിച്ച ഓര്‍ഡറിലെ അവസാന പേജിന്‍റെ കോപ്പിയാണ് ഇതിനോടൊപ്പം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ തന്നെ വിലകൂടിയ വക്കീലന്‍മാരെ വെച്ചാണ് നമ്മുടെ സുഹൃത്തുക്കള്‍ എനിക്കെതിരെ വാദിച്ചത്. കാശിന് യാതൊരു പഞ്ഞവുമില്ലാത്ത മുതലാളിമാര്‍ക്ക് അതൊക്കെ നിസാരമാണല്ലോ...
ഇപ്പോള്‍ മുതലാളിയും തിയേറ്റര്‍ ഉടമയും സിനിമാ നിര്‍മാതാവും ഒക്കെയായി വിലസുന്ന മലയാളസിനിമയിലെ ഇത്തരം വൃത്തികേടുകളുടെ സൂത്രധാരന്‍ ഒന്നോര്‍ക്കുക. നുണകള്‍ പറഞ്ഞും പ്രചരിപ്പിച്ചും കുതികാല്‍ വെട്ടിയും അതിലൂടെ കിട്ടുന്ന ബന്ധം ഉപയോഗിച്ചും നേടുന്ന പണവും സ്ഥാനമാനവും എല്ലാം താല്‍ക്കാലികമാണ് സുഹൃത്തേ... കൂറേ സ്ട്രഗിള്‍ ചെയ്യേണ്ടി വന്നാലും സത്യം എന്നെങ്കിലും ജയിക്കും... ഇനി ജയിച്ചില്ലെങ്കിലും സത്യത്തിന് വേണ്ടി പോരാടുന്നതിന്‍റെ സുഖം ഒന്നുവേറെയാണ്....' വിനയന്‍ കുറിച്ചു.
ഈ വിധിയിലൂടെ എഎംഎംഎ, ഫെഫ്ക എന്നീ സംഘടന നേതൃത്വത്തിന് വന്‍തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.