അമ്പത് ലക്ഷത്തിലധികം രൂപ ചെലവഴിച്ച് കാലടി മണപ്പുറത്ത് പണിത മിന്നല്‍ മുരളി എന്ന സിനിമയുടെ സെറ്റ് രാഷ്ട്രീയ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം തകര്‍ത്തിരുന്നു. ക്രിസ്ത്യന്‍ പള്ളിയുടെ സെറ്റാണ് എന്ന കാരണം പറഞ്ഞാണ് പ്രവര്‍ത്തകര്‍ സെറ്റ് തകര്‍ത്തത്. സംഭവം വലിയ വാര്‍ത്തയായതോടെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ രംഗത്തെത്തുകയും കേസ് രജിസ്റ്റര്‍ ചെയ്ത് അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. യുവസംവിധായകന്‍ ബേസില്‍ ജോസഫ് ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് മിന്നല്‍ മുരളി. ഇപ്പോള്‍ സെറ്റ് തകര്‍ത്ത സംഭവത്തില്‍ പ്രതിഷേധിക്കാന്‍ തങ്ങള്‍ക്കൊപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുകയാണ് ബേസില്‍ ജോസഫ്. ഒപ്പം അക്രമം നടത്തിയവരോട് തനിക്ക് പറയാനുള്ളത് എന്താണെന്ന് വ്യക്തമാക്കിയിട്ടുമുണ്ട് ബേസില്‍ ജോസഫ്.
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിൽ പ്രതിഷേധിക്കാനും ശബ്ദമുയർത്താനും ജാതി, മത, രാഷ്ട്രീയ ഭേദമന്യേ തങ്ങളോടൊപ്പം നിന്ന എല്ലാ പൊതുജനങ്ങളോടും സിനിമ സംഘടനാ പ്രവർത്തകരോടും അധികാരികളോടും സർക്കാരിനോടുമുള്ള നന്ദി അറിയിക്കുന്നുവെന്ന വാക്കുകളോടെയാണ് കുറിപ്പ് ആരംഭിക്കുന്നത്. നിർമിച്ച ശേഷം ഒരു ദിവസം പോലും ഷൂട്ട് ചെയ്യാനാവാതെ ലോക്ക് ഡൗണ്‍ ഉണ്ടായ അന്ന് മുതൽ ആ സെറ്റ് ഞങ്ങൾക്ക് ഒരു വേദനയായിരുന്നു. വലിയൊരു നഷ്ടബോധമായിരുന്നു. തികഞ്ഞ നിസഹായാവസ്ഥയിലിരിക്കുന്ന ഈ സാഹചര്യത്തിൽ നാളെ ഞാനും നിങ്ങളും ഉയർത്തി പിടിക്കുന്ന മതം പോയിട്ട് ഞാനോ നിങ്ങളോ ഇവിടെ ഉണ്ടാകുമോ എന്ന് പോലും അറിയാത്ത ഈ സാഹചര്യത്തിൽ ഈ കടുത്ത അതിജീവനത്തിന്‍റെ നാളുകളിൽ നിങ്ങൾ നടത്തിയ കടന്നാക്രമണം തികഞ്ഞ ഭീരുത്വമായിരുന്നുവെന്ന് ഓര്‍മപ്പെടുത്തുകയാണെന്നും. ഞങ്ങൾ എല്ലാവരും അന്തസായി തിരിച്ച് വരുമെന്നും ഞങ്ങൾ സ്നേഹിക്കുന്നത് കലയെയാണെന്നും അതാണ് ഞങ്ങളുടെ വികാരമെന്നും ഒന്ന് തുമ്മിയാൽ വൃണപ്പെടുന്ന നിങ്ങളുടെ വികാരം പോലെ അല്ല അതെന്നും ബേസില്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചു. നടന്‍ ടൊവിനോ തോമസ് അടക്കമുള്ളവര്‍ ബേസിലിന്‍റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.
- " class="align-text-top noRightClick twitterSection" data="">