മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയാണ് ജോജി. വില്യം ഷേക്‌സ്‌പിയറിന്‍റെ വിഖ്യാത ദുരന്ത നാടകമായ മാക്ബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ശ്യാം പുഷ്‌കരനാണ് ജോജിയുടെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. 'ജോജി മൂവി റോളിങ്ങ് സൂൺ' എന്ന ഹാഷ്‌ടാഗിൽ ലൊക്കേഷൻ ഹണ്ടിന്‍റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ ദിലീഷ് പോത്തൻ ഇപ്പോള്‍.
സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് ദിലീഷിന്‍റെ സോഷ്യല്‍മീഡിയ ഹാഷ്‌ടാഗുകള്‍ സൂചിപ്പിക്കുന്നത്. ഷൈജു ഖാലിദാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ജസ്റ്റിൻ വർഗീസ് ചിത്രത്തിന് സംഗീതം ഒരുക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകളിൽ ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ഫഹദ് ഫാസിലും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. കിരൺ ദാസ് എഡിറ്റിങും ഗോകുൽ ദാസ് പ്രൊഡക്ഷൻ ഡിസൈനിങ്ങും നിര്‍വഹിക്കും. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും വ്യക്തമാക്കിയിട്ടില്ല.