ദിലീഷ് പോത്തന്‍റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ കേന്ദ്രകഥാപാത്രമായ മൂന്നാമത്തെ ചിത്രമായിരുന്നു 2021 ഏപ്രിലിൽ റിലീസ് ചെയ്‌ത 'ജോജി'. ആമസോൺ പ്രൈമിൽ റിലീസിനെത്തിയ ക്രൈം ത്രില്ലർ ചിത്രം, കഥയിലും അവതരണത്തിലും മേക്കിങ്ങിലും അന്തർദേശീയ തലത്തിൽ വരെ ശ്രദ്ധ നേടി.
2021ലെ സ്വീഡിഷ് അന്താരാഷ്‌ട്ര ചലച്ചിത്ര മേള (സിഫ്)യിലേക്ക് ജോജി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിന് പുറമെ, ചലച്ചിത്രമേളയിലെ മികച്ച അന്തർദേശീയ ചലച്ചിത്രത്തിനുള്ള പുരസ്‌കാരവും ജോജി സ്വന്തമാക്കിയിരിക്കുകയാണ്. 'സ്വീഡനിൽ നിന്നുള്ള ശുഭവാർത്ത' എന്ന് കുറിച്ചുകൊണ്ട് ഫഹദ് ഫാസിൽ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.
- " class="align-text-top noRightClick twitterSection" data="">
More Read: ഔട്ട്‌ലുക്കിന്‍റെ കവർ ചിത്രം ജോജി, ഉള്ളടക്കത്തിൽ സി യു സൂൺ മുതൽ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചൺ വരെ
മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നീ ചിത്രങ്ങൾക്ക് ശേഷം ദിലീഷും ഫഹദും ഒന്നിച്ച ജോജിയുടെ തിരക്കഥ എഴുതിയത് ശ്യാം പുഷ്‌കരനായിരുന്നു. വില്യം ഷേക്‌സ്‌പിയറിന്‍റെ മാക്ബത് എന്ന വിശ്വവിഖ്യാത നാടകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ച ജോജിയുടെ ഛായാഗ്രഹകൻ ഷൈജു ഖാലിദ് ആണ്. കിരൺ ദാസായിരുന്നു എഡിറ്റർ.
ചിത്രത്തിനായി സംഗീതം ഒരുക്കിയത് ജസ്റ്റിൻ വർഗീസാണ്. ഭാവനാ സ്റ്റുഡിയോസ്, വർക്കിങ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് ബാനറുകളിൽ ദിലീഷ് പോത്തൻ, ശ്യാം പുഷ്‌കരൻ, ഫഹദ് ഫാസിൽ എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.