കാളിദാസന്‍റെ അഭിജ്ഞാന ശാകുന്തളം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിൽ ശകുന്തളയാകുന്നത് തെന്നിന്ത്യൻ നടി സാമന്ത അക്കിനേനിയാണ്. കുറച്ചു ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിലെ ദുഷ്യന്തനെയും സാമന്ത തന്നെ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെടുത്തിയിരുന്നു. സൂഫിയും സുജാതയും എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സിനിമാപ്രേമികളുടെ പ്രിയങ്കരനായ യുവനടൻ ദേവ് മോഹനാണ് ശാകുന്തളം ചിത്രത്തിലെ നായകൻ.
ഇപ്പോഴിതാ, സാമന്തക്കും ചിത്രത്തിന്‍റെ അണിയറപ്രവർത്തകർക്കുമൊപ്പമുള്ള ചിത്രം ദേവ് മോഹൻ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ്. രുദ്രമാദേവിയുടെ സംവിധായകൻ ഗുണശേഖര്‍ ആണ് ശാകുന്തളവും സംവിധാനം ചെയ്യുന്നത്.
സംവിധായകന്‍റെ മകൾ നീലിമ ഗുണയാണ് ചിത്രത്തിന്‍റെ നിർമാതാവ്. ദുഷ്യന്തന്‍റെ വേഷം ചെയ്യാൻ ഏറ്റവും അനുയോജ്യൻ ദേവ് മോഹനാണെന്നും അദ്ദേഹം ശാകുന്തളത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചതിൽ നന്ദി അറിയിക്കുന്നതായും നീലിമ ഗുണ ഇടിവി ഭാരതിനോട് പറഞ്ഞു.