ശാസ്‌ത്രീയ സംഗീതത്തിന്‍റെ ത്രിമൂർത്തികളിൽ ഒരാളായ മുത്തുസ്വാമി ദീക്ഷിതരുടെ 184-ാം ചരമവാർഷികമാണിന്ന്. കവിയും സംഗീതജ്ഞനുമായ ദീക്ഷിതർ കർണാടക സംഗീതത്തിനും ഇന്ത്യൻ ശാസ്‌ത്രീയ സംഗീതത്തിനും നൽകിയ സംഭാവനകൾ വലുതാണ്. ത്യാഗരാജ സ്വാമികൾ, ശ്യാമ ശാസ്‌ത്രി, മുത്തുസ്വാമി ദീക്ഷിതർ എന്നിവരാണ് ത്രിമൂർത്തികൾ.
തമിഴ്‌നാട്ടിലെ പുണ്യഭൂമിയെന്നറിയപ്പെടുന്ന തിരുവാരൂറിലാണ് മൂവരും ജനിച്ചത്. സംസ്‌കൃതത്തിലും മണിപ്രവാളത്തിലുമായി ഏകദേശം അഞ്ഞൂറോളം കീർത്തനങ്ങൾ ദീക്ഷിതരുടെ സംഭാവനയായുണ്ട്. സമസ്‌തി ചരണ കൃതികളുടെ മുൻഗാമിയെന്നും അദ്ദേഹം അറിയപ്പെടുന്നു. രാഗങ്ങളിലും താളങ്ങളിലും അഗ്രഗണ്യനെന്നതിനു പുറമെ കർണാടക സംഗീതത്തിന്‍റെ ഏഴു താളങ്ങളിലും കൃതികൾ രചിച്ച ഏക കലാകാരൻ കൂടിയാണ് ദീക്ഷിതർ.
സിതംബരനാഥാ യോഗിയായിരുന്നു അദ്ദേഹത്തിന്‍റെ ഗുരു. ക്ഷേത്ര സംഗീതത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ദീക്ഷിതർ വരാണസിയിൽ നിന്നും ഹിന്ദുസ്ഥാനി സംഗീതവും സ്വായത്തമാക്കി. നവരാത്രി ആഘോഷത്തിന്‍റെ ഭാഗമായി ആലപിക്കുന്ന നവവരാണ കീർത്തനങ്ങളും കൂടാതെ പഞ്ചഭൂത ക്ഷേത്ര കൃതികളും നവഗ്രഹ കൃതികളുമെല്ലാം ത്രിമൂർത്തികളിലെ ഗുരുഗുഹ എന്നറിയപ്പെടുന്ന മുത്തുസ്വാമി ദീക്ഷിതരുടെ രചനകളാണ്.