മുംബൈ: ട്രാന്‍സ്‌ജെന്‍റര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താത്പര്യമുണ്ടെന്ന് നടന്‍ രജനീകാന്ത്. റിലീസിനൊരുങ്ങുന്ന സൂപ്പര്‍സ്റ്റാറിന്‍റെ പുതിയ ചിത്രം ദര്‍ബാര്‍ ട്രെയിലര്‍ ലോഞ്ചുമായി ബന്ധപ്പെട്ട് മുബൈയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. ട്രെയിലര്‍ ലോഞ്ചിനിടെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ഇനി ഏത് കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നതെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്.
'ഒരു വിധം എല്ലാം ചെയ്ത് കഴിഞ്ഞു. വര്‍ഷം നാല്‍പ്പത്തിയഞ്ചായി സിനിമാമേഖലയില്‍ എത്തിയിട്ട്, 160 സിനിമകള്‍ പൂര്‍ത്തിയാക്കി. അതിനാല്‍ എല്ലാം പൂര്‍ത്തിയായി എന്നാണ് താന്‍ കരുതുന്നത്'. രജനീകാന്ത് പറഞ്ഞു. വീണ്ടും മാധ്യമപ്രവര്‍ത്തക ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ 'ഒരു ട്രാന്‍സ്‌ജെന്‍റര്‍ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ താത്പര്യമുള്ളതായി' താരം വെളിപ്പെടുത്തി. പാണ്ഡ്യനുശേഷം എന്തുകൊണ്ടാണ് മറ്റൊരു പൊലീസ് കഥാപാത്രം ചെയ്യാന്‍ വൈകിയതെന്ന ചോദ്യത്തിന്, പലരും പൊലീസ് കഥാപാത്രങ്ങളുള്ള തിരക്കഥകളുമായി തന്നെ സമീപിച്ചിരുന്നെന്നും എന്നാല്‍ അവ തന്നെ സ്വാധീനിച്ചില്ലെന്നും മുരുകദോസ് കഥപറഞ്ഞപ്പോള്‍ തനിക്ക് വ്യത്യസ്തമായി തോന്നിയതിനാലാണ് ദര്‍ബാര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.
എ.ആര്‍ മുരുകദോസാണ് ദര്‍ബാര്‍ സംവിധാനം ചെയ്തിരിക്കുന്നത്. നയന്‍താരയാണ് ചിത്രത്തില്‍ രജനിയുടെ നായിക. ചിത്രം 2020 ജനുവരി 10ന് പൊങ്കല്‍ റിലീസായി തീയേറ്ററുകളിലെത്തും.