ഒരു കാലത്ത് ചെന്നൈയിലും കോടമ്പാക്കത്തുമായി ചുറ്റിത്തിരിഞ്ഞിരുന്ന മലയാളസിനിമയെ കേരളത്തിന്‍റെ മണ്ണിലേക്ക് പറിച്ച് നടുന്നതിൽ നിർണായകമായിരുന്നു ചിത്രാഞ്ജലി സ്റ്റുഡിയോ എന്ന സ്ഥാപനം വഹിച്ച പങ്ക്. മുഖ്യധാരാ സിനിമയ്‌ക്കൊപ്പം കലാമൂല്യമുള്ള സമാന്തര സിനിമകൾക്കും താങ്ങും തണലുമായത് കേരളസർക്കാരിന്‍റെ ഈ സംരംഭമായിരുന്നു. എന്നാൽ പിന്നീട് സിനിമാവ്യവസായം പുതിയ സാങ്കേതിക വിദ്യകളുടെ ചിറകിലേറി വൻ മുന്നേറ്റം നടത്തിയപ്പോൾ ഒപ്പമെത്താൻ ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് കഴിഞ്ഞിരുന്നില്ല. ആ കുറവ് നികത്തി ലോക നിലവാരത്തിൽ ചിത്രാജ്ഞലി സ്റ്റുഡിയോയുടെ നവീകരണത്തിനും ആധുനികവൽക്കരണത്തിനും സംസ്ഥാന സർക്കാർ തുടക്കം കുറിച്ചു. കിഫ്ബി വഴി ധനലഭ്യത ഉറപ്പുവരുത്തിയാണ് ആധുനികവൽക്കരണപദ്ധതികൾ നടപ്പാക്കുന്നത്. ഇതിന്‍റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്തുള്ള കലാഭവൻ തിയേറ്ററിൽ വെച്ച് നിർവഹിച്ചു.
കിഫ്ബി വഴി 66.88 കോടി രൂപയാണ് സ്റ്റുഡിയോ നവീകരണത്തിനായി ചിലവഴിക്കാന്‍ പദ്ധതിയിടുന്നത്. ഏഴ് മാസം കൊണ്ട് പണി പൂര്‍ത്തീകരിക്കാനാണ് തീരുമാനം. ഡോള്‍ബി അറ്റ്‌മോസ് മിക്സിങ് തിയേറ്ററുകള്‍, ഗ്രീന്‍മേറ്റ് സൗണ്ട് സ്റ്റേജ്, ആധുനിക രീതിയിലുള്ള എഡിറ്റിംഗ് സ്യൂട്ടുകള്‍, ഇന്‍റര്‍മീഡിയേറ്റ് കളര്‍ ഗ്രേഡിംഗ് സംവിധാനം തുടങ്ങി ആധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടായിരിക്കും പുതിയ സ്റ്റുഡിയോ പണി കഴിപ്പിക്കുന്നത്. കൂടാതെ 80 ഏക്കര്‍ ഭൂമിയില്‍ ഔട്ട്ഡോര്‍ ചിത്രീകരണത്തിനായി പരമ്പരാഗത തറവാടുകളും, പൂന്തോട്ടവും, അമ്പലവും, പള്ളിയും മുതല്‍ പൊലീസ് സ്റ്റേഷനും റെയില്‍വേ സ്റ്റേഷനും വരെ ഉള്‍പ്പെടുത്തുമെന്നാണ് വിവരം. ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങി ലോകോത്തര നിലവാരത്തിലുള്ള ചലച്ചിത്ര നിര്‍മാണത്തിനുള്ള സൗകര്യങ്ങളും ചിത്രാഞ്ജലിയിലൊരുങ്ങും. 1975ലാണ് തിരുവല്ലത്ത് 80 ഏക്കറില്‍ ചിത്രാഞ്ജലി സ്റ്റുഡിയോ ആരംഭിച്ചത്.