പൃഥ്വിരാജ് സിനിമ ഭ്രമത്തില്‍ നിന്ന് നടി അഹാന കൃഷ്ണയെ ഒഴിവാക്കിയത് രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരിലാണെന്ന് താരത്തിന്‍റെ അച്ഛനും നടനുമായ കൃഷ്ണകുമാര്‍ ആരോപിച്ചിരുന്നു. ഇത് വലിയ വിവാദങ്ങള്‍ക്ക് വഴിവെക്കുകയും സിനിമയുടെ നിര്‍മാതാക്കള്‍ അടക്കമുള്ളവര്‍ വിശദീകരണവുമായി രംഗത്തെത്തുകയും ചെയ്‌തിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഹാന. നിലവില്‍ നടക്കുന്ന സംഭവങ്ങളില്‍ തനിക്ക് പങ്കില്ലെന്ന് അഹാന കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
'ഭ്രമം സിനിമയുമായി ബന്ധപ്പെട്ട് എന്‍റെ പേരില്‍ വന്ന ചില വാര്‍ത്തകള്‍ കണ്ടിരുന്നു. ദയവ് ചെയ്‌ത് എന്നെ ഇതില്‍ നിന്നും ഒഴിവാക്കുക. ഞാനൊന്നും പറഞ്ഞിട്ടില്ല. ഞാന്‍ ആരെക്കുറിച്ചും ഒന്നും പറഞ്ഞിട്ടില്ല. ഞാന്‍ ആ സിനിമയിലേ ഇല്ല. ആ സിനിമയുമായി ബന്ധപ്പെട്ടവരാണ് സംസാരിച്ചിരിക്കുന്നത്. വേറൊരു വ്യക്തി പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എന്നെ വെച്ചിട്ട് വാര്‍ത്തയാക്കരുത്. ഈ ഡ്രാമയില്‍ എനിക്ക് ഒരു പങ്കുമില്ല. എന്‍റെ ഫോട്ടോ വെച്ച് വരുന്ന വാര്‍ത്തകള്‍ ദയവ് ചെയ്‌ത് തളളിക്കളയുക' പൃഥ്വിരാജിന്‍റെ കടുത്ത ആരാധികയാണ് താനെന്നും ഭ്രമവുമായി ബന്ധപ്പെട്ട് നടന്നതെല്ലാം പ്രൊഫഷന്‍റെ ഭാഗമാണെന്നും അഹാന കൃഷ്ണ പറഞ്ഞു. പൃഥ്വിരാജിനെ ഇതിന്‍റെ പേരില്‍ ആക്രമിക്കുന്നവരോട്... വേറൊരു പണിയുമില്ലേ എന്നാണ് ചോദിക്കാനുള്ളതെന്നും അഹാന കൃഷ്ണ കൂട്ടിച്ചേര്‍ത്തു.
താന്‍ ബിജെപിയായതിനാലാണ് സിനിമയില്‍ നിന്ന് മകളെ മാറ്റിയതെന്നാണ് കൃഷ്ണകുമാര്‍ ആരോപിച്ചത്. അതേസമയം ആരോപണം ഭ്രമത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ നിഷേധിച്ചിരുന്നു. ക്യാമറ ടെസ്റ്റിനും കോസ്റ്റ്യൂം ട്രയലിനും ശേഷമാണ് അഹാന കഥാപാത്രത്തിന് അനുയോജ്യമല്ലെന്ന് മനസിലാക്കിയതെന്ന് ഭ്രമത്തിന്‍റെ നിർമാതാക്കളായ ഓപ്പൺ ബുക്ക് പ്രൊഡക്ഷൻസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. രവി.കെ.ചന്ദ്രന്‍ സംവിധാനം ചെയ്‌ത ഭ്രമത്തില്‍ പൃഥ്വിരാജിന് പുറമെ ഉണ്ണി മുകുന്ദനും മംമ്ത മോഹന്‍ദാസും റാഷി ഖന്നയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയായത്. ഭ്രമം എന്ന മലയാള ചിത്രം ബോളിവുഡ് സിനിമ അന്ധാധുന്നിന്‍റെ റീമേക്കാണ്.