എറണാകുളം: നടി ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ നിർമാതാവിനെ ചോദ്യം ചെയ്തതായി കൊച്ചി സിറ്റി പൊലീസ് കമിഷണർ വിജയ് സാഖറെ. വിവാഹ തട്ടിപ്പ് സംഘം എത്തിയതിന് ശേഷമാണ് നിർമാതാവ് ഷംനയുടെ വീട്ടിലെത്തിയത്. ഷംനയുടെ സന്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാൾ വീട്ടിലെത്തിയതെന്നാണ് മൊഴി നൽകിയിരിക്കുന്നത്. ഈ സന്ദേശത്തിന്‍റെ ഉറവിടം അന്വേഷിക്കും. ഇതും തട്ടിപ്പ് സംഘം ആസൂത്രണം ചെയ്തതാണോയെന്ന് പരിശോധിക്കുമെന്നും കമീഷണർ അറിയിച്ചു.
വിദേശത്ത് നിന്നുള്ള നമ്പറിൽ നിന്നാണ് നിർമാതാവിന് ഷംനയാണെന്ന തരത്തില്‍ വ്യാജസന്ദേശം ലഭിച്ചത്. നിർമാതാവിനെ വീണ്ടും ചോദ്യം ചെയ്യും. കേസിൽ മൂന്നുപേരെ കൂടി പിടികൂടാനുണ്ട്. കേസിലെ സ്ത്രീകളുടെ പങ്കാളിത്തം വ്യക്തമായിട്ടുണ്ട്. ഇവരെ ഉടൻ ചോദ്യം ചെയ്യുമെന്നും വിജയ് സാഖറെ പറഞ്ഞു. അതേസമയം തട്ടിപ്പ് സംഘം ആൾമാറാട്ടത്തിന് വേണ്ടി ഉപയോഗിച്ച ഫോട്ടോയുടെ ഉടമയായ ടിക് ടോക്ക് താരത്തിന്‍റെ മൊഴി രേഖപ്പെടുത്തി. കൊച്ചിയിൽ വിളിച്ച് വരുത്തിയാണ് യാസിറിന്‍റെ മൊഴിയെടുത്തത്.