അസഹിഷ്‌ണുതയും ധാർമിക രോഷവും തൂണിലും തുരുമ്പിലും പ്രകടമാകുമ്പോൾ.... സ്‌ത്രീകൾക്കെതിരെ അശ്ലീലപ്രചരണങ്ങൾ നടത്തിയ വിജയ് പി. നായരെ വീട്ടിൽ കയറി ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി സംവിധായകനും നടനുമായ ബാലചന്ദ്ര മേനോന്‍.
ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യ ലക്ഷ്മിയെയും സ്‌ത്രീ സമൂഹത്തെയും നവമാധ്യമങ്ങളിലൂടെ അവഹേളിച്ചതിനെതിരെ ഭാഗ്യലക്ഷ്‌മിയുടെ നേതൃത്വത്തിൽ വിജയ്‌ക്ക് മേൽ കരി ഓയിൽ പ്രയോഗവും കടന്നാക്രമണവും നടത്തിയതിൽ ബാലചന്ദ്രമേനോനും തന്‍റെ നിലപാട് അറിയിക്കുന്നു. തന്‍റെ ആദ്യ ചിത്രമായ ഉത്രാടരാത്രി മുതൽ പരിചിതയായ കുലീനമായ സ്വഭാവം പ്രകടിപ്പിക്കുന്ന ഭാഗ്യലക്ഷ്‌മിയെ ചാനലുകളിലൂടെ കണ്ടപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. താൻ നയിക്കുന്ന റോസസ് ദി ഫാമിലി ക്ല്ബ്ബിന്‍റെയും തന്‍റെ പുസ്തകപ്രകാശങ്ങളുടെയും ചടങ്ങുകളിൽ അവർ സജീവ സാന്നിധ്യമായിരുന്നു. സാമൂഹ്യ രംഗങ്ങളിലും സോഷ്യൽ മീഡിയയിലും സജീവമായ ഭാഗ്യലക്ഷ്‌മി അഭിമാനക്ഷതം വന്നപ്പോൾ ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത് ഇടപെടേണ്ടവർ സമയത്ത് ചെയ്യേണ്ടത് ചെയ്യാത്തതു കൊണ്ടാണെന്ന് ബാലചന്ദ്രമേനോൻ അഭിപ്രായപ്പെട്ടു.
"ആരാന്‍റമ്മക്ക് ഭ്രാന്തു വന്നാൽ കാണാൻ നല്ല ചേല്" എന്ന സമൂഹത്തിൽ ജീവിക്കുന്നതിനാലാണ് ഇത്തരത്തിലുള്ള പ്രതികരണമുണ്ടായത്. എന്നാൽ, ഭരണഘടനക്ക് വിരുദ്ധമായി കോടതിയും പൊലീസും ശിക്ഷ നടപ്പാക്കാതെ, ഓരോരുത്തരും പ്രതികരിക്കാൻ തുടങ്ങിയാൽ "പല്ലിനു പല്ല്; നഖത്തിന് നഖം" എന്ന സ്ഥിതിയിലേക്ക് ആയിരിക്കും സമൂഹം നീങ്ങുന്നതെന്ന് ബാലചന്ദ്രമേനോൻ പറഞ്ഞു. സമൂഹമനസ്സാക്ഷിയെ കൂട്ടുപിടിച്ച് ഇതിനെ ആദർശവൽക്കരിക്കരുത്. സമൂഹമാധ്യമങ്ങളിൽ എന്തും പോസ്റ്റ് ചെയ്യുന്ന സാഹചര്യം മാറ്റി മോണിറ്റർ സംവിധാനം കൊണ്ടുവരണമെന്നുമാണ് സംവിധായകൻ വിശദീകരിക്കുന്നത്. കർഷകരുടെ സമരത്തിന്‍റെ ഭാഗമായി ഒരു ട്രാക്റ്റർ ലോറിയിൽ കൊണ്ടു വന്ന് ഇന്ത്യാ ഗേറ്റിന് മുന്നിൽ കത്തിച്ച് നടത്തിയ പ്രതിഷേധം പോലെ ഈ സംഭവത്തെ നിസ്സാരവൽക്കരിക്കരുതെന്ന് സൂചിപ്പിച്ചാണ് ബാലചന്ദ്ര മേനോന്‍ തന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.