തിരുവനന്തപുരം: ബാലഭാസ്‌കറിന്‍റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം നാളെ കലാഭവന്‍ സോബിയെ ചോദ്യം ചെയ്യും.സിബിഐ തിരുവനന്തപുരം യൂണിറ്റിലെ ഡിവൈഎസ്‌പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കലാഭവന്‍ സോബിയെ ചോദ്യം ചെയ്യുക. അപകടം നടക്കുമ്പോൾ സംഭവ സ്ഥലത്ത് എത്തിയ സോബി മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപിച്ചിരുന്നു. രണ്ടുപേരെ അപകടസ്ഥലത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടുവെന്നായിരുന്നു ആദ്യം സോബി പരസ്യമായി വ്യക്തമാക്കിയത്. പിന്നീട് നയതന്ത്ര ബാഗില്‍ സ്വർണം കടത്തിയ കേസില്‍ അറസ്റ്റിലായ പ്രതി സരിത്തിനെയാണ് സംഭവസ്ഥലത്ത് കണ്ടതെന്നും സോബി പറഞ്ഞു.
കഴിഞ്ഞ ദിവസം ജീവന് ഭീഷണിയുണ്ടെന്ന് അറിയിച്ചുകൊണ്ട് പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ അപകടത്തിന് മുമ്പ് തന്നെ ബാലഭാസ്‌കറിനെ ഒരു സംഘം ക്വട്ടേഷന്‍ ടീം ആക്രമിച്ചു കൊന്നുവെന്നും വാഹനത്തിന്‍റെ കേടുപാടുകള്‍ പിന്നീട് ഉണ്ടാക്കിയതാണെന്നുമാണ് പറഞ്ഞിരുന്നത്. ജീവനോടെ താനുണ്ടെങ്കില്‍ ഇവരെ കാണിച്ചു നല്‍കാന്‍ സാധിക്കുമെന്നും സോബി അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സോബിയില്‍ നിന്ന് വിശദമായ വിവരങ്ങള്‍ ശേഖരിക്കാനാണ് സിബിഐ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. ആരോപണങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്‍റെ ശ്രമം. കഴിഞ്ഞ ദിവസങ്ങളില്‍ ബാലഭാസ്‌കറിന്‍റെ ഭാര്യ ലക്ഷ്‌മി, അച്ഛന്‍ സി.കെ ഉണ്ണി, അമ്മ ശാന്താകുമാരി, ലക്ഷ്‌മിയുടെ സഹോദരന്‍ പ്രസാദ് എന്നിവരില്‍ നിന്ന് സിബിഐ സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.