തിരുവനന്തപുരം: സംഗീത ഇതിഹാസം എആർ റഹ്മാൻ നടത്തിയ സംഗീത മത്സരത്തിൽ കിരീടമണിഞ്ഞ പത്ത് പേരിൽ ഒരാൾ ഇവിടെയുണ്ട്. തിരുവനന്തപുരം കൈതമുക്ക് സ്വദേശിനി അമൃത. മാന്ത്രിക സംഗീതജ്ഞന്‍റെ അനുമോദനം നേടിയ സന്തോഷത്തിലാണ് അമൃതയും ഭർത്താവ് രോഹിതും. രോഹിത് സംഗീത സംവിധായകൻ കൂടിയാണ്.
ആർ ക്ലഫ് സ്റ്റുഡിയോ എന്ന പേരിൽ ഇരുവരും ചേർന്ന് മ്യൂസിക് പ്രൊഡക്ഷൻ തുടങ്ങിയതിന് പിന്നാലെയാണ് വലിയ അംഗീകാരം തേടിയെത്തിയത്. സംഗീതം സ്വപ്നം കണ്ടു നടന്ന രോഹിത്തും അമൃതയും 2018ലാണ് കണ്ടുമുട്ടുന്നത്. കഴിഞ്ഞ വർഷമായിരുന്നു വിവാഹം.
പത്രവാർത്തകളിലൂടെയാണ് എആർ റഹ്മാൻ 99 സിനിമയിലെ പാട്ടുകൾ വച്ചുകൊണ്ട് കവർ സോങ് മത്സരം നടത്തുന്നു എന്നറിഞ്ഞത്. പങ്കെടുക്കാം എന്ന് മാത്രമാണ് കരുതിയതെങ്കിലും വിജയികളാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. റഹ്മാനുമായി സംസാരിക്കാനും സംഗീത വിശേഷങ്ങൾ പങ്കുവയ്ക്കാനും കഴിഞ്ഞത് ജീവിതത്തിലെ വലിയ ഭാഗ്യമായാണ് അമൃതയും രോഹിത്തും കാണുന്നത്. ഒപ്പം പ്രവർത്തിക്കാൻ അവസരമുണ്ടാകുമെന്ന് കൂടി പറഞ്ഞതോടെ ത്രിൽ ഇരട്ടിയായി.
Also Read: ആ നൃത്തച്ചുവടുകൾ വീണ്ടും വരും... സരോജ് ഖാന്‍റെ ബയോപിക് ഒരുങ്ങുന്നു
സംഗീതത്തിൽ വേറിട്ട കാഴ്ചപ്പാടുകളാണ് രോഹിത്തിനും അമൃതയ്ക്കും. സാമൂഹിക പ്രതിബദ്ധതയുള്ള പാട്ടുകൾ ചെയ്യണമെന്നും സമകാലിക വിഷയങ്ങൾ സംഗീതത്തിലൂടെ അവതരിപ്പിക്കണമെന്നുമാണ് ആഗ്രഹം.
സംഗീതത്തിലെ വേറിട്ട സ്വപ്‌നങ്ങൾ
സ്വന്തം പ്രൊഡക്ഷൻ ഹൗസിലൂടെ കഴിവുള്ള ഗായകരെ കണ്ടെത്തി അവസരങ്ങൾ നൽകി ഒന്നിച്ച് പ്രവർത്തിക്കാനാണ് രോഹിത്തിന് താല്പര്യം. തിരുവനന്തപുരം ഗവൺമെന്‍റ് എൻജിനീയറിങ് കോളജിൽ നിന്ന് എൻജിനീയറിങ് പഠനം പൂർത്തിയാക്കിയ ശേഷം ചെന്നൈ എആർ റഹ്മാൻ ഫൗണ്ടേഷന്‍റെ കെഎം മ്യൂസിക് കോളജിലായിരുന്നു തുടർപഠനം.. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് ബിഫാം പൂർത്തിയാക്കിയാണ് അമൃത തിരുവനന്തപുരത്ത് എത്തുന്നത്.