പ്രഖ്യാപനം മുതല്‍ വിവാദത്തില്‍ കുടുങ്ങിപ്പോയ മലയാള സിനിമയാണ് 1921 പുഴ മുതല്‍ പുഴ വരെ. അലി അക്‌ബര്‍ സംവിധാനം ചെയ്യുന്ന സിനിമയാണിത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി ആഷിഖ് അബു സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അലി അക്ബറും സമാന പ്രമേയമുള്ള സിനിമയുമായി രംഗത്തെത്തിയത്. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. ഇപ്പോള്‍ ചിത്രത്തില്‍ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അവതരിപ്പിക്കുക തെന്നിന്ത്യന്‍ താരം തലൈവാസല്‍ വിജയ്‌യാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 1921ലെ മലബാര്‍ കലാപത്തെ ആസ്പദമാക്കിയാണ് അലി അക്ബര്‍ സിനിമ ഒരുക്കുന്നത്. ചിത്രത്തിന്‍റെ ആദ്യഘട്ട ചിത്രീകരണം വയനാട്ടില്‍ പുരോഗമിക്കുകയാണ്.
നടന്‍ എന്ന നിലയില്‍ ആവേശമുണ്ടാക്കുന്ന കഥാപാത്രമാണ് വാരിയംകുന്നന്‍റേയെന്ന് തലൈവാസല്‍ വിജയ് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. '200 മുതല്‍ 300 വരെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ചില കഥാപാത്രങ്ങള്‍ ചെയ്യാന്‍ നമുക്ക് ആവേശം തോന്നും. ഇത് അത്തരത്തിലുള്ള ഒരു സിനിമയാണ്...' തലൈവാസല്‍ വിജയ് പറഞ്ഞു. സിനിമ നിര്‍മിക്കാനായി പണം ആവശ്യപ്പെട്ട് നിരവധി തവണ സോഷ്യല്‍ മീഡിയില്‍ അലി അക്ബര്‍ ലൈവില്‍ വന്നിരുന്നു.
മൂന്ന് ഷെഡ്യൂളുകളായിട്ടായിരിക്കും ചിത്രം പൂര്‍ത്തിയാക്കുക. സിനിമയുടെ നിര്‍മാണത്തിന് രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ലഭിച്ചതെന്ന് സംവിധായകൻ അലി അക്ബർ പറഞ്ഞു. മൂകാംബികയില്‍ തിരക്കഥ പൂജിച്ച ശേഷമാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചത്. ചിത്രത്തിലെ ഒരു പാട്ടും ഒരുങ്ങി കഴിഞ്ഞു. ക്രൗഡ് ഫണ്ടിങിലൂടെയാണ് സിനിമ ഒരുക്കുന്നത്. മാമലകള്‍ക്കപ്പുറത്ത്, മുഖമുദ്ര, പൊന്നുച്ചാമി, പൈ ബ്രദേഴ്‌സ്, ജൂനിയര്‍ മാന്‍ഡ്രേക്ക്, ഗ്രാമപഞ്ചായത്ത്, കുടുംബവാര്‍ത്തകള്‍, സ്വസ്ഥം ഗൃഹഭരണം, ബാംബു ബോയ്‌സ്, സീനിയര്‍ മാന്‍ഡ്രേക്ക് എന്നി ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് അലി അക്‌ബര്‍. സിനിമയ്ക്കായി ഒരു 6K ക്യാമറയാണ് ഉപയോഗിക്കുന്നത്. സംവിധായകൻ മേജർ രവിയുടെ മകനാണ് ഛായാഗ്രാഹകന്‍.