"കഥ എന്തുമാകാം, അത് ഒരു സിനിമയാക്കാൻ കഴിയുമെന്ന തോന്നലുണ്ടാകണമെന്നതാണ് മുഖ്യം.... കഥയിലല്ല, കഥാപാത്രങ്ങളിലാണ് ചിത്രങ്ങളുടെ ജീവൻ ഉൾക്കൊണ്ടിരിക്കുന്നതെന്ന്" അകിര കുറൊസാവ വിശ്വസിച്ചു. അങ്ങനെ ലോകോത്തര നിലവാരമുള്ള റാഷമണും സെവൻ സാമുറെയും ത്രോൺ ഓഫ് ബ്ലഡും പോലെ കുറേ ചലച്ചിത്രങ്ങൾ ജന്മം കൊണ്ടു. ലോകസിനിമയിലേക്ക് ജാപ്പനീസ് ചിത്രങ്ങളെ കൊണ്ടെത്തിച്ച് വിശ്വവിഖ്യാത ചലച്ചിത്രകാരനായി മാറിയ അകിര കുറൊസാവയുടെ 22-ാം ഓർമദിനമാണിന്ന്.
കണ്ണഞ്ചിപ്പിക്കുന്ന സംഘട്ടനങ്ങളും യുദ്ധരംഗങ്ങളും ഹോളിവുഡ് ചിത്രങ്ങളിലൂടെ പ്രേക്ഷകനെ വിസ്മയിപ്പിക്കുമ്പോഴും അതിലെല്ലാം അമ്പതുകളിലെയും അറുപതുകളിലെയും പരിമിതികളിൽ നിന്ന് സിനിമയെന്ന മാധ്യമത്തെ വിസ്‌മയമാക്കിയ കുറൊസാവ എഫക്‌ട് പ്രതിഫലിക്കുന്നുണ്ട്.
1910 മാർച്ച് 23ന് ടോക്കിയോയിൽ ഒരു പുരാതന സമുറായി കുടുംബത്തിൽ ജനനം. തന്‍റെ മക്കൾ പാശ്ചാത്യസംസ്‌കാരം പരിചയപ്പെടണമെന്ന് കുറൊസാവയുടെ അച്ഛൻ ഇസാമു ആഗ്രഹിച്ചിരുന്നു. അതിനായി അയാൾ മക്കളെ പതിവായി സിനിമക്ക് കൊണ്ടുപോയി. തുടക്കത്തിൽ, കുറൊസാവക്കിഷ്‌ടം ചിത്രരചനയായിരുന്നു. ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ദോഷിഷ സ്കൂൾ ഓഫ് വെസ്റ്റേൺ പെയിന്‍റിങ്ങിൽ ചേർന്നു. ടോക്കിയോ തിയേറ്ററിൽ ജോലി ചെയ്‌തിരുന്ന സഹോദരൻ ഹെയ്ഗോയൊടൊപ്പം ചേർന്ന് ചിത്രരചനയിലെ താൽപര്യം വളർത്തി.
1936ൽ, ഫോട്ടോ കെമിക്കൽ ലബോറട്ടറീസ് ഫിലിം സ്റ്റുഡിയോയിൽ പ്രവർത്തിക്കാനുള്ള അദ്ദേഹത്തിന്‍റെ അഭിലാഷം അക്കാലത്തെ പ്രശസ്‌ത ജാപ്പനീസ് സംവിധായകൻ കജീരോ യമാമോട്ടോയുടെ ശ്രദ്ധയിൽ പെട്ടു. അദ്ദേഹം തന്‍റെ സിനിമകളിലെ അസിസ്റ്റന്‍റ് ഡയറക്ടറായി കുറൊസാവയെ കൂടെകൂട്ടി. യമാമോട്ടോയുടെയും മറ്റ് സംവിധായകരുടെയും കീഴിൽ പ്രവർത്തിച്ച് 24ഓളം സിനിമകളിൽ അദ്ദേഹം പ്രവർത്തിച്ചു. അങ്ങനെ സിനിമയ്‌ക്ക് മികച്ച തിരക്കഥ എങ്ങനെ എഴുതാമെന്നതിൽ അദ്ദേഹം അറിവ് സമ്പാദിച്ചു.
മിലിറ്ററി പരീക്ഷയിൽ ഫിസിക്കൽ ടെസ്റ്റിൽ പരാജയപ്പെട്ടതിനാൽ കുറൊസാവക്ക് രണ്ടാം ലോക മഹായുദ്ധത്തിൽ സൈന്യത്തിനൊപ്പം ചേരാൻ സാധിച്ചില്ല, എന്നാൽ അദ്ദേഹം ടോക്കിയോയിൽ തുടർന്നു. സാമ്പത്തിക പ്രതിസന്ധിയിലായിരുന്നെങ്കിലും ഈ സമയത്താണ് കുറൊസാവയുടെ ആദ്യ സംവിധാനസംരഭം പുറത്തുവരുന്നത്. 1943ൽ പുറത്തിറക്കിയ സുഗാതാ സൻഷിരോയിലൂടെ അദ്ദേഹം സ്വതന്ത്ര സംവിധായകനായി. ലോകമഹായുദ്ധകാലത്ത് മാധ്യമങ്ങൾക്ക്‌മേൽ ജപ്പാൻ ഭരണകൂടത്തിന്‍റെ കർശന നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാലാവാം കുറൊസാവയുടെ ആദ്യകാലചിത്രങ്ങളിലെല്ലാം ദേശസ്‌നേഹവും രാഷ്ട്രീയവും സ്‌ഫുരിച്ച് നിന്നത്. ജാപ്പനീസ് സംസ്‌കാരത്തെ പ്രകീർത്തിച്ച ജൂഡോ സാഗ 2, മോസ്റ്റ് ബ്യൂട്ടിഫുൾ എന്നിവ അതിനുദാഹരണം.
എന്നാൽ ലോകമഹായുദ്ധത്തിന് ശേഷം വന്ന നോ റിഗ്രറ്റ്സ് ഫോർ അവർ യൂത്തിൽ ജാപ്പനീസ് സർക്കാരിനെയും ഭരണത്തെയും അദ്ദേഹം നിശിതമായി വിമർശിക്കുന്നുണ്ട്. പിന്നീട് പുറത്തിറങ്ങിയ ഡ്രൻകൻ ഏഞ്ചലിലൂടെ അദ്ദേഹം കുറച്ചുകൂടി സിനിമക്ക് പരിചിതനായി. നടൻ ടൊഷീറോ മിഫൂണും കുറൊസാവയും തമ്മിലുള്ള കോമ്പോയും ഈ ചിത്രത്തിലൂടെയാണ് തുടക്കം കുറിക്കുന്നത്.
1950ൽ പുറത്തിറങ്ങിയ റാഷമൺ ആണ് ലോകത്തെ പ്രഗൽഭ സംവിധായകരിലൊരാളായി കുറൊസാവയെയും വളർത്തിയത്. സാധാരാണ ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രമല്ലായിരുന്നു റാഷമൺ. ക്രൈം ത്രില്ലറായൊരുക്കിയ റാഷമണിൽ സത്യം ആപേക്ഷികമാണെന്നത് കുറൊസാവ പറഞ്ഞുവെച്ചു. ഒരു കൊലപാതകത്തെ ദൃക്സാക്ഷികളും കുറ്റാരോപിതരും കൊല്ലപ്പെട്ട മനുഷ്യന്‍റെ ആത്മാവും എങ്ങനെ വ്യാഖ്യാനിക്കുന്നുവെന്ന് ചിത്രം വിവരിച്ചു. നഗരകവാടം എന്നർത്ഥം വരുന്ന റാഷമൺ ചിത്രം ഇന്നും ഇന്ത്യയിലടക്കം ആഗോളതലത്തിലുള്ള ചലച്ചിത്രനിർമിതികളുടെ പ്രചോദനമാവുകയും ചെയ്‌തു. എന്തിനേറെ മലയാളത്തിന്‍റെ കെ.ജി ജോർജ്ജും ടി.വി ചന്ദ്രനും പോലും ജാപ്പനീസ് ചലച്ചിത്രകാരന്‍റെ സ്വാധീനം അവരുടെ സിനിമകളിൽ പ്രയോഗിച്ചിട്ടുണ്ട്.
പരിമിതമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് വളരെ കുറച്ച് കഥാപാത്രങ്ങളെ ഉൾപ്പെടുത്തി കാട്, മൈതാനം, നഗരകവാടം എന്നീ മൂന്ന് ലൊക്കേഷനുകളിൽ നിന്ന് മാത്രം ചിത്രീകരണം നടത്തി റാഷമൺ പൂർത്തിയാക്കി. അതിനനുസരിച്ചാണ് കുറൊസാവയും ഷിനോബു ഹാഷിമൊട്ടുവും തിരക്കഥ ഒരുക്കിയതും. സൂര്യപ്രകാശത്തിലേക്ക് നേരിട്ട് കാമറ പിടിച്ച് ബ്ലാക്ക് ആന്‍റ് വൈറ്റ് സിനിമയിൽ പുതിയൊരു പരീക്ഷണവും അദ്ദേഹം നടപ്പിലാക്കി. സിനിമക്ക് കുറൊസാവ പരിചയപ്പെടുത്തിയ പുതിയ ആവിഷ്‌കാര രീതി ഓസ്‌കാറിലേക്ക് റാഷമണിനെ എത്തിച്ചപ്പോൾ, മികച്ച വിദേശഭാഷാ ചിത്രമെന്ന വിഭാഗത്തിൽ പുരസ്‌കാരങ്ങൾ നൽകാൻ അക്കാദമി ഭാരവാഹികൾ ചിന്തിക്കുന്നതിനും കുറൊസാവ കാരണമായി.
സംവിധായകനായും നിർമാതാവായും തിരക്കഥാകൃത്തായും അകിര കുറൊസാവയുടെ സെവൻ സാമുറെ, തജമാറു, ത്രോൺ ഓഫ് ബ്ലഡ്, ദി ഹിഡൺ ഫോർട്രസ്, യോജിമ്പോ, ഹൈ ആന്‍റ് ലോ, റാൻ, ഡ്രീംസ്, ഇകിരു തുടങ്ങി നിരവധി ജാപ്പനീസ് ചിത്രങ്ങൾ സംഭാവന ചെയ്‌തിട്ടുണ്ട്. സിനിമകൾ വെറും കഥകൾ മാത്രമല്ലാതിരുന്നതിനാൽ കുറൊസാവയുടെ സൃഷ്‌ടികളിലെ കാമറ മൂവ്‌മെന്‍റുകളും ഷോട്ടുകളും എല്ലാം എടുത്തുപറയേണ്ടത് തന്നെയാണ്. പ്രകൃതിയെ പശ്ചാത്തലമാക്കി അദ്ദേഹം മനോഹരമായി കഥ പറഞ്ഞുതന്നു.
കാറ്റ്, ജലം, അഗ്നി, പുക, മണം എന്നിവയുടെ മൂവ്‌മെന്‍റുകൾ കഥയെ തീവ്രമായി അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചു. ചില വൈകാരിക മുഹൂർത്തങ്ങളെ അഗാധമായി അടയാളപ്പെടുത്താൻ ക്ലോസ് അപ്പ് ഷോട്ടുകൾ മാത്രമല്ല അദ്ദേഹം ഉപയോഗിച്ചിട്ടുള്ളത്. ചിലപ്പോഴൊക്കെ ഒരു കഥാപാത്രത്തിന് പെട്ടെന്ന് ചലനം നൽകി, പശ്ചാത്തലത്തെയും സഹതാരങ്ങളെയും നിശ്ചലമാക്കി സീനുകൾ ഒരുക്കിയത് അദ്ദേഹത്തിന്‍റെ മാസ്റ്റർപീസ് ടെക്‌നിക്കായിരുന്നു എന്ന് പറയാം. ജനക്കൂട്ടത്തിന്‍റെയും സൈന്യത്തിന്‍റെയുമൊക്കെ ഒന്നിച്ചുള്ള ചലന രംഗങ്ങളും ഓവർ ദി ഷോൾഡർ ഉൾപ്പടെയുള്ള കാമറ ഷോട്ടുകളും പിൽക്കാലത്തെ ചലച്ചിത്രകാരന്മാർ പിന്തുടർന്നു വരുന്നു.
ദി മെട്രിക്‌സ് റെവലൂഷൻസ്, ദി ലോർഡ് ഓഫ് ദി റിംഗ്‌സ്, ത്രീ അമിഗോസ്, സ്റ്റാർസ്, അവഞ്ചേഴ്‌സ്, ദി യൂഷ്വൽ സസ്‌പെക്‌ട്‌സ്, സ്‌പീഡ് തുടങ്ങിയ ഇതിഹാസ ചിത്രങ്ങൾ കുറൊസാവയുടെ മൂവ്‌മെന്‍റുകളെ ഉപയോഗിച്ച സിനിമകളാണ്.
1998 സെപ്റ്റംബർ ആറിന് 88-ാം വയസിൽ അകിര കുറൊസാവ അന്തരിച്ചു. സംവിധായകന്‍റെ മരണശേഷം കല, സാഹിത്യം, സംസ്കാരം വിഭാഗത്തിൽ നൂറ്റാണ്ടിന്‍റെ ഏഷ്യക്കാരനായി അമേരിക്കയിലെ ഏഷ്യൻ വീക്ക് മാസികയും സിഎൻഎന്നും അദ്ദേഹത്തെ തെരഞ്ഞെടുത്തു. നൂറ്റാണ്ടുകളുടെ കലാകാരനായി കുറൊസാവ എഫക്‌ട് ഇന്നും ലോകസിനിമയിൽ നിറഞ്ഞു നിൽക്കുമ്പോൾ, അമ്പത് വർഷങ്ങൾ നീണ്ട സിനിമാജീവിതത്തിൽ വിശ്വവിഖ്യാതനായ ചലച്ചിത്രകാരൻ നിർമിച്ച മുപ്പതോളം സിനിമകൾ ഇനിയും കണ്ടെത്താനുള്ള പുതിയ അറിവുകളായി ഇന്നും നിലനിൽക്കുന്നു.