ബെംഗളൂരു : തെന്നിന്ത്യന്‍ നടിയും മോഡലുമായ സോണിയ അഗര്‍വാൾ മയക്കുമരുന്ന് കേസില്‍ എൻസിബി കസ്റ്റഡിയിൽ.
തിങ്കളാഴ്‌ച രാവിലെ ബെംഗളൂരുവിലെ നടിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ 40 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതേ തുടർന്നാണ് നടിയെ കസ്റ്റഡിയിലെടുത്തത്.
കര്‍ണാടക അതിര്‍ത്തിയില്‍ നിന്ന് 21 കോടി രൂപ വിലവരുന്ന കഞ്ചാവ് ഇന്നലെ എന്‍സിബി പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടായിരുന്നു നടിയുടെ വീട്ടിൽ പരിശോധന.
റെയ്‌ഡ് നടത്തുന്ന സമയത്ത് സോണിയ വീട്ടിലില്ലായിരുന്നു. കഞ്ചാവ് കണ്ടെത്തിയതോടെ, സോണിയ അഗർവാളിനെ പിന്നീട് ഒരു ഹോട്ടലിൽ നിന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
Also Read: മയക്കുമരുന്ന് കേസ്: നടി സഞ്‌ജന ഗൽറാണി അറസ്റ്റിൽ
സോണിയയ്ക്ക് പുറമെ, ഡിജെ ചിന്നപ്പയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കന്നഡ ചലച്ചിത്രതാരങ്ങളായ സഞ്ജന ഗല്‍റാണി, രാഗിണി ദിവേദി ഉൾപ്പെടെ നിരവധി പ്രമുഖരെ ഇതിനകം മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
കാതൽ കൊണ്ടേൻ, തടം, കോവിൽ, പുതുപ്പേട്ടൈ തുടങ്ങി നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നടിയാണ് സോണിയ അഗര്‍വാൾ. മലയാളത്തിൽ ജമ്‌നാ പ്യാരി, തീറ്ററപ്പായി തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.