കഥാപാത്രങ്ങള്‍ക്കായി ഏതറ്റവരെയും ഡെഡിക്കേഷനോടെ പ്രവൃത്തിക്കുകയും ഏറ്റവും മികച്ചത് പ്രേക്ഷകന് സമ്മാനിക്കുകയും ചെയ്യുന്ന നടനാണ് ഇന്ത്യന്‍ സിനിമയുടെ സ്വന്തം ചിയാന്‍ വിക്രം. അതിനാല്‍ തന്നെ വിക്രം പുതിയ സിനിമകള്‍ പ്രഖ്യാപിക്കുമ്പോള്‍ ആരാധകന്‍റെ പ്രതീക്ഷകള്‍ക്ക് അതിരുണ്ടാകില്ല. അടുത്തിടെ വിക്രം പ്രഖ്യാപിച്ച സിനിമയാണ് കോബ്ര. കൊവിഡ് മൂലം സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിലച്ചിരുന്നു. ഇപ്പോള്‍ സിനിമയുടെ ഷൂട്ടിങ് വീണ്ടും ആരംഭിച്ച വിവരം അറിയിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ അജയ് ജ്ഞാനമുത്തുവാണ് സിനിമയുടെ ലൊക്കേഷന്‍ സ്റ്റില്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്.
ഇതിനകം തന്നെ വിക്രം ആരാധകര്‍ ചിത്രം ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി മെഷീന്‍ ഗണ്ണുകളും ബുള്ളറ്റുകളും ക്യാമറയും ട്രൈപോഡുമൊക്കെ സൂക്ഷിച്ചിരിക്കുന്ന ഒരു മുറിയില്‍ ക്യാമറക്ക് പുറംതിരിഞ്ഞാണ് ചിത്രത്തില്‍ വിക്രത്തിന്‍റെ ഇരിപ്പ്. കറുത്ത നിറത്തിലുള്ള വസ്ത്രവും മങ്കി ക്യാപ്പുമാണ് വിക്രം ധരിച്ചിരിക്കുന്നത്. നേരത്തെ റഷ്യയിലായിരുന്നു ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. കോറോണയെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തിവെച്ചു. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട സിനിമയില്‍ ഏഴ് ഗെറ്റപ്പുകളിലാണ് വിക്രം എത്തുന്നത്.
ശ്രീനിധി ഷെട്ടി, മിയ, മാമുക്കോയ, കെ.എസ് രവികുമാര്‍, രേണുക, ബാബു ആന്‍റണി, പത്മപ്രിയ, റോബോ ശങ്കര്‍, കനിഹ, റോഷന്‍ മാത്യു, പൂവൈയ്യാര്‍ എന്നിവര്‍ക്കൊപ്പം ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനും സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇമൈക്ക നൊടികള്‍ എന്ന ത്രില്ലര്‍ ചിത്രത്തിന്‍റെ സംവിധായകനാണ് അജയ് ജ്ഞാനമുത്തു. അടുത്തിടെ വിവേകിന്‍റെ രചനയിൽ എ.ആർ റഹ്‌മാൻ സംഗീതം നൽകിയ തുമ്പി തുള്ളൽ എന്ന ഗാനത്തിന്‍റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരുന്നു. ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ശ്രേയ ഘോഷാൽ, നകുല്‍ അഭിനങ്കര്‍ എന്നിവർ ചേർന്നാണ് ഗാനം ആലാപിച്ചത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി റിലീസിനെത്തുന്ന ചിത്രം നിർമിക്കുന്നത് സെവൻ സ്‌ക്രീന്‍ സ്റ്റുഡിയോസിന്‍റെ ബാനറില്‍ ലളിത് കുമാറാണ്.