പ്രതിസന്ധികൾ കടന്ന് വർക്കല പൊലീസ് സ്റ്റേഷനിൽ സബ് ഇൻസ്പെകടറായി ചുമതലയേറ്റ ആനി ശിവയെ അഭിനന്ദിച്ചുള്ള നടൻ ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിനെതിരെ വിമർശനവും ട്രോളുകളും.
വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്‌നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നത് എന്നാണ് ആനി ശിവയെ പ്രശംസിക്കുന്നതിനായി താരം കുറിച്ചത്. എന്നാൽ, വലിയ പൊട്ടിടുന്നത് ഓരോരുത്തരുടെയും സ്വാതന്ത്ര്യമാണെന്നും ഫെമിനിസ്റ്റുകളെയാണ് ഉണ്ണി മുകുന്ദൻ ലക്ഷ്യം വച്ചിരിക്കുന്നതെന്നും വിമർശനങ്ങൾ നിറഞ്ഞു.
ഉണ്ണി മുകുന്ദന്‍റെ ഫേസ്ബുക്ക് പോസ്റ്റ്
'വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്‌നങ്ങളിലൂടെയാണ് സ്ത്രീ ശാക്തീകരണം സാധ്യമാകുന്നത്.' ദി റിയല്‍ ഫൈറ്റര്‍, ഇന്‍സ്പിറേഷന്‍ ഫോര്‍ ആള്‍ എന്നെഴുതിയാണ് ഉണ്ണി മുകുന്ദൻ ആനി ശിവയ്ക്ക് അഭിനന്ദമറിയിച്ചത്.
ആനി ശിവയുടെ ചിത്രവും പോസ്റ്റിൽ താരം ചേർത്തിട്ടുണ്ട്. താരത്തിന്‍റെ വലിയ പൊട്ട് എന്ന പരാമര്‍ശം മലയാളത്തിലെ ഏതാനും മുൻനിര സിനിമാനടിമാരെ ലക്ഷ്യം വച്ചാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് വിമർശനങ്ങൾ ഉയർന്നു.
വലിയ മസിലുണ്ടായിട്ട് കാര്യമില്ല.... ഉണ്ണി മുകുന്ദനെതിരെ വിമർശനങ്ങളും ട്രോളുകളും
വലിയ ലുക്കും മസിലുമുണ്ടായിട്ട് കാര്യമില്ല, നല്ല നടനെന്ന് തെളിയിക്കാൻ അഭിനയമികവ് വേണമെന്ന് വിമർശകർ പറഞ്ഞു. താരം ബിജെപി അനുഭാവിയാണെന്നും എന്നാൽ ഇത് വെളിപ്പെടുത്താൻ വിമുഖതയുണ്ടെന്നും ചിലർ അഭിപ്രായപ്പെട്ടു. ഉണ്ണി മുകുന്ദന്‍റെ പോസ്റ്റിനോട് സംവിധായകൻ ജിയോ ബേബിയും വിയോജിപ്പ് പ്രകടിപ്പിച്ചു.
- " class="align-text-top noRightClick twitterSection" data="">
അതേസമയം, ഉണ്ണി മുകുന്ദന്‍ ഉദ്ദേശിച്ചത് വലിയ പൊട്ട് ധരിക്കുന്ന അമൃതാനന്ദമയിയെ ആണോ എന്നും ചിലര്‍ ചോദിക്കുന്നു. കവിയൂർ പൊന്നമ്മയുടെ ഫോട്ടോ ഉപയോഗിച്ചും ട്രോളുകൾ നിറഞ്ഞു. എപ്പോഴും ഉണ്ണീ ഉണ്ണീ എന്ന് വിളിച്ചുനടക്കുന്ന എന്നോടിത് വേണമായിരുന്നോ ഉണ്ണീയെന്ന് കമന്‍റ് ബോക്സിൽ ട്രോൾ നിറഞ്ഞു.
ഉണ്ണി മുകുന്ദനെ പിന്തുണച്ച് കമന്‍റുകൾ
ഉണ്ണി മുകുന്ദന്‍റെ വാക്കുകളെ പിന്തുണച്ചും നിരവധി പേര്‍ രംഗത്തുവന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്നപ്പോൾ തന്നെ വിളിച്ച് അന്വേഷിച്ചത് മമ്മൂട്ടി മാത്രമായിരുന്നുവെന്നും ഒരു നടിമാരും ഇതിലില്ലായിരുന്നുവെന്നും സാന്ദ്ര തോമസ് പറഞ്ഞ വാക്കുകൾ ഓർമിപ്പിച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദനെ ആരാധകർ പിന്തുണയ്ക്കുന്നത്. കൂടാതെ, ഉണ്ണി മുകുന്ദന്‍റെ പോസ്റ്റ് പൊള്ളയായ ഫെമിനിസ്റ്റുകള്‍ക്ക് നല്ല വിമർശനമാണെന്നും താരത്തിന്‍റെ പോസ്റ്റിനോട് യോജിക്കുന്നവർ കമന്‍റ് ചെയ്‌തു.
Also Read: ഐശ്വര്യ ഷങ്കര്‍ വിവാഹിതയായി ; ചടങ്ങില്‍ എം.കെ സ്റ്റാലിനും
പത്തുവര്‍ഷം മുമ്പ് വർക്കലയിൽ നാരങ്ങാവെള്ളം വിറ്റ് ജീവിച്ച ആനി ഇന്ന് അതേ സ്ഥലത്ത്, സബ് ഇൻസ്പെക്ടറായി ചുമതലയേറ്റു. ഇതിലും വലുതായി തനിക്ക് എങ്ങനെയാണ് തന്‍റെ ഇന്നലെകളോട് റിവഞ്ച് ചെയ്യാന്‍ സാധിക്കുക എന്ന് ആനി ശിവ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു. ഉണ്ണി മുകുന്ദന് പുറമേ സംവിധായകൻ കണ്ണൻ താമരക്കുളവും ആനി ശിവ പ്രചോദനമാണെന്ന് കുറിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.