എറണാകുളം: മലയാള സിനിമക്ക് ചരിത്ര നേട്ടങ്ങള്‍ സമ്മാനിച്ച സിനിമയായിരുന്നു നടന്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍. തിയേറ്ററുകളില്‍ നിന്ന് കോടികള്‍ വാരിയ ചിത്രം നിരൂപക പ്രശംസയും പ്രേക്ഷക പ്രശംസയും ഒരുപോലെ നേടി. ലൂസിഫറിന്‍റെ വിജയത്തിന് ശേഷം ചിത്രത്തിന് രണ്ടാം ഭാഗമെത്തുമെന്ന് നേരത്തെ തന്നെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എമ്പുരാന്‍ എന്നാണ് സിനിമയുടെ ടൈറ്റില്‍ ഇപ്പോള്‍ എമ്പുരാന്‍റെ പുതിയ അണിയറ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ പൃഥിരാജ്.
'സിനിമയുടെ ചിത്രീകരണം തുടങ്ങാൻ ആരാധകൻ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും ഇനിയും കാത്തിരിക്കാൻ വയ്യ' ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ മുരളി ഗോപിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് കൊണ്ട് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. എമ്പുരാന്‍റെ ഫുൾ ഡിസൈൻ ബ്രീഫ് പൃഥ്വിരാജിന് നൽകിയെന്നാണ് മുരളി ഗോപി ഇരുവരുടെ ഫോട്ടോകൾക്കൊപ്പം ഫേസ്ബുക്കിൽ കുറിച്ചത്. സിനിമയ്ക്ക് രണ്ടാം ഭാഗം കൂടാതെ മൂന്നാം ഭാഗം കൂടി ഉണ്ടാകുമെന്ന സൂചന സംവിധായനും തിരക്കഥാകൃത്തും നേരത്തെ നൽകിയിരുന്നു. മോഹൻലാൽ അവതരിപ്പിച്ച ഖുറേഷി അബ്രാം എബ്ബ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ളതാണ് സിനിമയുടെ രണ്ടാം ഭാഗം. ആശിർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്. മോഹൻലാലിന് പുറമെ മഞ്ജുവാര്യർ, ടൊവിനോ, ഇന്ദ്രജിത്ത് തുടങ്ങിയ ഒരു വലിയ താരനിര തന്നെ ലൂസിഫറില്‍ അണിനിരന്നിരുന്നു.