ഒരു രാത്രി പെയ്തൊഴിയാത്ത മഴയിൽ നനഞ്ഞുകൊണ്ട് ഒരു പയ്യന്‍ മലയാള സിനിമയുടെ പടിപ്പുര വാതിലിലൂടെ കടന്നുവന്നു. പിന്നീടങ്ങോട്ട് ഒട്ടനവധി മികവുറ്റ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി അയാള്‍ മലയാള സിനിമയില്‍ നിന്നും മാറ്റി നിര്‍ത്താനാകാത്ത സാന്നിധ്യമായി. പൗരുഷമുള്ള നായകനെ വെള്ളിത്തിരയില്‍ എത്തിച്ച് ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവായി. ഇന്ത്യയിലെ നാല് ഭാഷകളിൽ അറിയപ്പെടുന്ന അഭിനേതാവായും പിൽക്കാലത്ത് നിർമാതാവായും ഒരു വലിയ സിനിമയുടെ സംവിധായകനായും മാറിയ മലയാളസിനിമയുടെ യുവരാജാവ് പൃഥ്വിരാജ് സുകുമാന്‍ ഇന്ന് 38 ആം പിറന്നാള്‍ ആഘോഷിക്കുകയാണ്.
പൃഥ്വിരാജ് സുകുമാരനെന്നെ അഭിനേതാവിനെ മലയാളത്തിന് നല്‍കിയത് ലാലേട്ടനെ നമുക്ക് സമ്മാനിച്ച സംവിധായകന്‍ ഫാസിൽ തന്നെയാണ്. ഒരിക്കൽ മല്ലിക സുകുമാരനോട് ഫാസിൽ രണ്ടാമത്തെ മകനെ ഒരു ദിവസം സ്ക്രീൻ ടെസ്റ്റിന് വേണ്ടി പറഞ്ഞയക്കാൻ ആവശ്യപ്പെട്ടു. മല്ലിക സുകുമാരന്‍ പൃഥ്വിയെ ഫാസിലിന് അരികിലേക്ക് പറഞ്ഞുവിട്ടു. പക്ഷേ ആ സിനിമയിലെ റോൾ പൃഥ്വിക്ക് ചേർന്നത് അല്ലായിരുന്നു. കാരണം ഫാസിൽ മനസിൽ കണ്ടത് ഒരു നിഷ്‌കളങ്ക ഭാവമുള്ള ഒരു പാവം പിടിച്ച പയ്യനെയായിരുന്നു. പൃഥ്വിയെ കണ്ടിട്ട് അദ്ദേഹം പറഞ്ഞത് 'ഇയാൾ ആക്ഷൻ ഹീറോ ആവാനാണ് ബെസ്റ്റ്' എന്നായിരുന്നു. പിന്നീട് ആ സിനിമയാണ് കൈയ്യെത്തും ദൂരത്ത് എന്ന പേരിൽ ഫാസിൽ സ്വന്തം മകനെ വെച്ച് സംവിധാനം ചെയ്‌തത്. നാളുകള്‍ക്ക് ശേഷം പുതിയ സിനിമയ്ക്ക് പുതുമുഖങ്ങളെ തേടി നടന്ന രഞ്ജിത്തിനോട് ഫാസിൽ തന്നെയാണ് സുകുമാരന്‍റെ മകന്‍ പൃഥ്വിയെ പരിചയപ്പെടുത്തി കൊടുക്കുന്നതും. അങ്ങിനെയാണ് രഞ്ജിത്തിന്‍റെ നന്ദനത്തില്‍ മനുവായി പൃഥ്വി എത്തുന്നത്. ആദ്യമായി പൃഥ്വി കാമറയ്ക്ക് മുമ്പിൽ എത്തുന്നത് നന്ദനത്തിലൂടെയാണെങ്കിലും ആദ്യം റിലീസായ സിനിമ രാജസേനൻ സംവിധാനം ചെയ്‌ത 'നക്ഷത്രക്കണ്ണുള്ളൊരു രാജകുമാരൻ അവനുണ്ടൊരു രാജകുമാരി' എന്ന ചിത്രമായിരുന്നു. അനന്തു എന്ന കഥാപാത്രമായാണ് ആദ്യം പൃഥ്വി നമുക്ക് മുമ്പിൽ എത്തിയത്. രണ്ടാമത് റിലീസായ പൃഥ്വി ചിത്രം എ.കെ സാജൻ സംവിധാനം ചെയ്‌ത സ്റ്റോപ്പ് വയലൻസായിരുന്നു. സാത്താൻ എന്ന കഥാപാത്രമായ് പൃഥ്വി നിറഞ്ഞാടിയ ചിത്രം. ഏതൊരു തുടക്കക്കാരനും ചെയ്യാൻ മടിക്കുന്നൊരു വേഷം അദ്ദേഹം ഗംഭീരമായ് തന്നെ അഭിനയിച്ച് ഫലിപ്പിച്ചു. പിന്നീടാണ് നന്ദനം നമുക്ക് റിലീസ് ചെയ്‌തത്. ബാലാമണിയേയും മനുവിനേയും മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തു, ചിത്രം വലിയ വിജയവുമായി. ഒരു പ്രമുഖ നടനായിരുന്ന അച്ഛന്‍റെ മകൻ എന്ന ലേബലിലാണ് പൃഥ്വി കാലെടുത്ത് വെച്ചതെങ്കിലും ചുരുക്കം ചില ചിത്രങ്ങൾ കൊണ്ട് തന്നെ തന്‍റെ കഴിവ് തെളിയിച്ചു. ഏതൊരു യുവനടനും സ്വപ്നം പോലും കാണാൻ പറ്റുന്നതിനുമപ്പുറത്തുള്ള കഥാപാത്രങ്ങൾ തുടക്കകാലത്തില്‍ തന്നെ ചെയ്‌തു. 24 ആം വയസിൽ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ആ ചെറുപ്പക്കാരന്‍ സ്വന്തമാക്കി. ലാല്‍ ജോസ് ചിത്രം ക്ലാസ്മേറ്റ്സ് എന്ന ഇന്‍ഡസ്ട്രി ഹിറ്റിന്‍റെ ഭാഗവുമായി പൃഥ്വി.
കയറ്റവും ഇറക്കവുമായി പോയ കരിയറിന്‍റെ ഒരു വേളയിൽ പുതിയ മുഖവുമായി പൃഥ്വി അവതരിച്ചപ്പോൾ അത് കേരളത്തിലെ യുവാക്കൾക്കിടയിൽ പുതുതരംഗമായി. തുടക്കകാലം മുതൽക്കേ അഹങ്കാരി എന്നൊരു പേര് കൂടി ചാർത്തപ്പെട്ട പൃഥ്വിക്ക് നേരെ ഒരു വേളയിൽ ഒരുപാട് അധിക്ഷേപങ്ങളും കല്ലേറുകളും ഉണ്ടായിരുന്നു. നേരിടേണ്ടി വന്ന ശരങ്ങളെ പില്‍ക്കാലത്ത് അയാള്‍ ഹാരങ്ങളാക്കി മാറ്റി. രവി തരകനായും, ആന്‍റണി മോസസായും, ജെ.സി ഡാനിയേലായും, മൊയ്‌തീനായും മികച്ച പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനായി. മലയാളവും തമിഴും കടന്ന് അങ്ങ് ബോളിവുഡിൽ എത്തിയ പൃഥ്വി മമ്മൂക്കക്കും ലാലേട്ടനും ശേഷം മലയാള സിനിമയുടെ മുഖമായി മാറി. മണി രത്നം എന്ന സംവിധായകന്‍ സ്ക്രീന്‍ ടെസ്റ്റ് പോലും നടത്താതെയാണ് രാവണനിലേക്ക് പൃഥ്വിയെ കാസറ്റ് ചെയ്‌തത്. കൊമേഷ്യല്‍ ഹിറ്റുകള്‍ മാത്രമല്ല... വീട്ടിലേക്കുള്ള വഴി, തലപ്പാവ് തുടങ്ങിയ കലാമൂല്യമുള്ള സിനിമകളുടെയും ഭാഗമായി പൃഥ്വി. കൂടാതെ നിര്‍മാതാവിന്‍റെ റോളിലും മുൻനിര നായകനടന്മാർ കൈവെച്ചിട്ടില്ലാത്ത സംവിധാന മേഖലയിലും പൃഥ്വി വിജയശ്രീലാളിതനായി. ബ്ലെസിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൃഥ്വിയുടെ കരിയര്‍ ബെസ്റ്റാവാന്‍ സാധ്യതയുള്ള ആടുജീവിതം സിനിമക്കായാണ് ഇനി പ്രേക്ഷകരുടെ കാത്തിരിപ്പ്...
ഇന്ത്യയിൽ ആദ്യമായി വെർച്വൽ പ്രൊഡക്ഷനിൽ ചിത്രീകരിക്കാൻ പോകുന്ന സിനിമയിലെ നായകനും പൃഥ്വിരാജ് തന്നെയാണ്. അഭിനയ ജീവിതം പതിനെട്ട് വർഷം പൂര്‍ത്തിയാക്കുമ്പോള്‍ 107 ഓളം സിനിമകളാണ് അദ്ദേഹത്തിന്‍റെതായി തിരശീലയിലെത്തിയത്. വിജയ പരാജയങ്ങൾ നിറഞ്ഞ കഷ്ടപ്പാടിന്‍റെ വലിയൊരു യാത്ര.... ഒരിക്കൽ ഒരു ജനത ഒന്നടങ്കം എഴുതി തള്ളിയ ഈ അഭിനേതാവ് തന്‍റെ ആയുധമായ അഭിനയത്തിലൂടെ നടത്തിയ മധുര പ്രതികാരം. മലയാള സിനിമയുടെ തലവര മാറ്റാൻ പ്രാപ്‌തിയുള്ള കലാകാരൻ... മലയാള സിനിമയുടെ ഭാവി പൃഥ്വിയുടെ കൈകളിൽ സുരക്ഷിതമാണ്. ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി മറുപടി പറയുന്ന നട്ടെല്ലുള്ള നടന്... നല്ല സിനിമകള്‍ നിര്‍മിക്കണമെന്ന് ആഗ്രഹിക്കുന നിര്‍മാതാവിന്... മലയാള സിനിമയുടെ വളർച്ച ആഗ്രഹിക്കുന്ന സംവിധായകന്... പരസ്യമായി വിമർശിക്കുന്നവർ പോലും രഹസ്യമായി ആരാധിക്കുന്ന മലയാള സിനിമയുടെ യുവരാജാവിന് പിറന്നാള്‍ ആശംസകള്‍...