കൊച്ചി: മാതാപിതാക്കളുടെ പേരില്‍ നടന്‍ മോഹന്‍ലാല്‍ ആരംഭിച്ച വിശ്വശാന്തി ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റെ സഹകരണത്തോടെ നടത്തുന്ന അമൃത-വിശ്വശാന്തി ഹെല്‍ത്ത്‌കെയര്‍ പദ്ധതിക്ക് തുടക്കമായി. അമൃത ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍റെ രക്ഷാധികാരി കൂടിയായ മോഹന്‍ലാല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അമൃത - വിശ്വശാന്തി ഹെല്‍ത്ത് കെയര്‍ പദ്ധതി നിര്‍ധനരായ കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയയുടെ ചിലവ് പൂര്‍ണമായും ഏറ്റെടുക്കും. മോഹന്‍ലാലിന്‍റെ അമ്മയുടെ ജന്മദിനമായ ഓഗസ്റ്റ് അഞ്ച് മുതല്‍ വിശ്വശാന്തി ഫൗണ്ടേഷന്‍റെ പ്രവര്‍ത്തനം കേരളത്തിന് പുറത്തേക്കുകൂടി വ്യാപിപ്പിക്കുകയാണ്. ആദ്യഘട്ടത്തില്‍ ഉത്തര്‍പ്രദേശ്, ബിഹാര്‍, ജമ്മു കാശ്മീര്‍, ലക്ഷദീപ് തുടങ്ങിയ പ്രദേശങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ കേരളത്തിന് പുറത്തുനിന്നുള്ള ആദ്യ ഗുണഭോക്താവായ ബിഹാറില്‍ നിന്നുള്ള അഞ്ച് വയസുകാരി സിമ്രന് പദ്ധതിയുടെ ഫിനാന്‍ഷ്യല്‍ കാര്‍ഡ് മോഹന്‍ലാല്‍ കൈമാറി.
അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്‍റെ സഹകരണത്തോടെ കേരളത്തിന് വെളിയിലേക്കും സഹായമെത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുരീയാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തിയ ചടങ്ങിൽ വിശ്വശാന്തി ചാരിറ്റബിൾ ഫൗണ്ടേഷൻ അംഗങ്ങളും മേജർ രവി, അമൃത മെഡിക്കൽ ഡയറക്ടർ പ്രേം നായർ തുടങ്ങിയവരും പങ്കെടുത്തു.