നിര്‍മാണത്തിലൂടെയും അഭിനയത്തിലൂടെയും മലയാളിക്ക് പ്രിയപ്പെട്ട സാന്ദ്ര തോമസിന്‍റെ മക്കളുടെ വീഡിയോകളാണ് കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ തരംഗം. തന്‍റെ ഇരട്ടക്കുട്ടികളായ കെന്‍ഡലിനെയും കാറ്റ്‌ലിനെയും മഴയും മണ്ണും അറിഞ്ഞ് വളര്‍ത്തുകയാണ് സാന്ദ്ര. ഉമ്മിണിത്തങ്ക, ഉമ്മുക്കുലുസു എന്നിങ്ങനെയാണ് കുട്ടികൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര്. ഇരുവരും മണ്ണില്‍ കളിക്കുന്ന വീഡിയോകളും മുത്തച്ഛനൊപ്പം കൃഷി ചെയ്യുന്ന വീഡിയോകളുമെല്ലാം സാന്ദ്ര സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ സാന്ദ്രയുടെ കുഞ്ഞികിളികളെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്‍റെ പ്രിയനടന്‍ മോഹന്‍ലാല്‍. 'മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികള്‍, സാന്ദ്രയുടെ തങ്കക്കൊലുസുകള്‍' എന്നാണ് മോഹന്‍ലാല്‍ ഈ കുരുന്നുകളെ വിശേഷിപ്പിച്ചത്.
'മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ, സാന്ദ്രയുടെ തങ്കക്കൊലുസ്... ദാ ഇവിടെ മരം നടുകയാണ്. നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ട് പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച ഇലകൾ വരും. ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാരുടെ വയറ് നിറക്കും. ഈ മരമൊരായിരം ജീവികൾക്ക് തണലാകും. മരം കണ്ടു വളരുകയും, മരം തൊട്ടു വളരുകയുമല്ല, മരം നട്ട് വളരണം... ഇവരെപ്പോലെ... ലവ് നേച്ചര്‍ ആന്‍ഡി ബി സൂപ്പര്‍നാച്ച്വറല്‍.... മക്കളെ മണ്ണിലിറക്കാം മരം നടീക്കാം....' മോഹന്‍ലാല്‍ തങ്കത്തിന്‍റെയും കുല്‍സുവിന്‍റെയും വീഡിയോക്കൊപ്പം കുറിച്ചു. മോഹന്‍ലാലിന്‍റെ ഹൃദയസ്പര്‍ശിയായ കുറിപ്പിന് സാന്ദ്രയും നന്ദി അറിയിച്ചിട്ടുണ്ട്.
നിരവധി പേരാണ് സാന്ദ്രയേയും കുടുംബത്തെയും അഭിനന്ദിച്ച് രംഗത്തെത്തുന്നത്. ‘ഫ്രൈഡേ’ എന്ന ചിത്രം നിർമിച്ചുകൊണ്ടാണ് സാന്ദ്ര നിർമാണരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറിൽ സക്കറിയായുടെ ഗർഭിണികൾ, മങ്കിപെൻ, പെരുച്ചാഴി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. 1991ൽ ബാലതാരമായി അഭിനയം ആരംഭിച്ച സാന്ദ്ര, ആമേൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തിരുന്നു.