1980 കളിൽ കലാഭവന്‍റെ സ്റ്റേജ് ഷോകളിൽ സജീവ സാന്നിധ്യമായിരുന്ന വെളുത്ത് മെലിഞ്ഞ ചെറുപ്പക്കാരനെ പത്മരാജൻ അപരിനിലൂടെ മലയാള സിനിമയിലേക്ക് അവതരിപ്പിച്ചപ്പോൾ മറ്റൊരു സൂപ്പർ താരത്തിന്‍റെ ഉദയത്തിന് തുടക്കം കുറിക്കുകയായിരുന്നു. അപരന്‍റെ ടൈറ്റിലുകൾ എഴുതിക്കാണിക്കുമ്പോൾ ഉള്ള നിഴൽ രൂപത്തിൽ തുടങ്ങി ക്ലൈമാക്സിലെ നിഗൂഢമായ ആ പുഞ്ചിരിയിൽ വരെ തന്‍റെതായ കയ്യൊപ്പ് പതിപ്പിച്ച് കൊണ്ട് ജയറാം മലയാള സിനിമാലോകത്തിന് താനൊരു മുതൽക്കൂട്ടായിരിക്കും എന്ന് തെളിയിച്ചു. നായകനായി വന്ന് നായകനായി തന്നെ തുടരുന്ന മൂന്ന് പതിറ്റാണ്ടുകളോളം നീളുന്ന അഭിനയ ജീവിതത്തിൽ അദ്ദേഹത്തിന് ഉയർച്ചകളും താഴ്ചകളും ഒട്ടനവധി ഉണ്ടായിട്ടുണ്ട്. കരിയറിന്‍റെ ആദ്യ മൂന്ന് വർഷക്കാലം പുതുമുഖത്തിന്‍റെ ആശയക്കുഴപ്പങ്ങൾ ഇല്ലാതെ ജയറാം പ്രേക്ഷകരിലേക്കെത്തിച്ച ചിത്രങ്ങൾ പരിശോധിച്ചാൽ മതിയാകും ഒരു നടനെന്ന നിലയിൽ അദ്ദേഹത്തിന്‍റെ വ്യാപ്തി.
അപരൻ, മൂന്നാം പക്കം, ഇന്നലെ, പൊന്മുട്ടയിടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, പ്രാദേശിക വാർത്തകൾ തുടങ്ങി ആദ്യകാല ചിത്രങ്ങൾ എല്ലാം തന്നെ ഇന്നും മലയാളി മനസുകളിൽ നിത്യഹരിതമായി തന്നെ നിലനില്‍ക്കുന്നവയാണ്. ആ മികവ് മലയാള സിനിമയിൽ തന്‍റെതായ ഒരിടം കണ്ടെത്താൻ അദ്ദേഹത്തെ സഹായിച്ചു. കരിയറിന്‍റെ തുടക്കത്തിൽ ലഭിച്ച പ്രേക്ഷക പ്രീതിയും കുടുംബ പ്രേക്ഷകർക്കിടയിൽ ഉണ്ടായിരുന്ന സ്വീകാര്യതയും ജയറാമെന്ന നടന്‍റെ പിന്നീടുള്ള യാത്രയിൽ മുതൽക്കൂട്ടായി മാറുകയായിരുന്നു. തൊണ്ണൂറുകളിൽ പുറത്തിറങ്ങിയ ജയറാം ചിത്രങ്ങളായിരുന്നു തൂവല്‍സ്പര്‍ശം, തലയണമന്ത്രം, വചനം,ശുഭയാത്ര, പാവക്കൂത്ത്, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍, നഗരങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം, മാലയോഗം, കുറുപ്പിന്‍റെ കണക്ക് പുസ്തകം, സന്ദേശം, പൂക്കാലം വരവായി, മുഖചിത്രം, കൂടിക്കാഴ്ച, കിലുക്കാംപെട്ടി, കേളി, കണ്‍കെട്ട്, കടിഞ്ഞൂല്‍ കല്യാണം, ജോര്‍ജ്ജ് കുട്ടി C/O ജോര്‍ജ്ജുകുട്ടി, എഴുന്നള്ളത്ത്, എന്നും നന്മകള്‍, ഫസ്റ്റ് ബെല്‍, തുടങ്ങിയവ. ജയറാം ചിത്രങ്ങളിലെ നായക കഥാപാത്രങ്ങൾക്ക് എവിടെയെങ്കിലും നമ്മളുമായി സാമ്യം തോന്നുക പതിവായിരുന്നു. അമാനുഷിക കഴിവുകൾ ഇല്ലാത്ത, ചിത്രത്തിലുടനീളം പ്രേക്ഷകരെ നർമബോധം കൊണ്ട് ചിരിപ്പിക്കുന്ന അതിഭാവുകത്വം ഇല്ലാതെ വെള്ളിത്തിരയിൽ ജീവിക്കുന്ന ഒരുപിടി കഥാപാത്രങ്ങളായിരുന്നു അക്കാലത്തെ ജയറാം ചിത്രങ്ങളെ വ്യത്യസ്തമാക്കിയിരുന്നത്. സാധാരണക്കാരൻ എന്ന ഇമേജ് മമ്മൂട്ടി-മോഹൻലാൽ സ്വാധീനത്തെയും മറികടന്ന് ജയറാമിനെ മലയാളികൾക്കിടയിൽ ജനപ്രിയനാക്കി മാറ്റി. അതുകൊണ്ട് തന്നെയായിരുന്നു ജയറാം ആക്ഷൻ ഹീറോ ഇമേജിലേക്ക് മാറി പുറത്തുവന്ന 'രണ്ടാം വരവ്' എന്ന ചിത്രം പരാജയമായത്. പത്മരാജനിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്ത് വെച്ച ജയറാമിന് മലയാളത്തിലെ തന്നെ എണ്ണം പറഞ്ഞ സംവിധായകരുടെയും എഴുത്തുകാരുടെയും സിനിമകളിൽ ഒട്ടേറെ നല്ല വേഷങ്ങൾ ചെയ്യാൻ സാധിച്ചു. അത് തന്നെയാണ് അദ്ദേഹത്തിന്‍റെ കരിയറിൽ ഇത്രയധികം മികച്ച ചിത്രങ്ങൾ ഉണ്ടാകാൻ കാരണവും.
കമൽ, സത്യൻ അന്തിക്കാട്, വിജി തമ്പി തുടങ്ങിയവരുടെ ആദ്യ കാല ചിത്രങ്ങളിൽ ജയറാം ഒരു അവിഭാജ്യ ഘടകമായിരുന്നു. രാജസേനൻ ജയറാം കൂട്ടുകെട്ടാണ് ഇരുവരുടെയും കരിയർ മാറ്റി മറിച്ചത് എന്ന് നിസംശയം പറയാൻ സാധിക്കും. കടിഞ്ഞൂൽ കല്യാണം, മേലേപ്പറമ്പിൽ ആൺവീട്, അനിയൻ ബാവ ചേട്ടൻ ബാവ, ദില്ലി വാല രാജകുമാരൻ, സി ഐ ഡി ഉണ്ണികൃഷ്ണൻ ബി എ ബി എഡ്, സ്വപ്ന ലോകത്തെ ബാലഭാസ്കരൻ തുടങ്ങിയവയെല്ലാം ഈ കൂട്ടുകെട്ടിൽ പിറന്ന ഹിറ്റുകളായിരുന്നു. ആ കാലയളവിൽ തുടരെ ചിത്രങ്ങൾ ഇറക്കിയിട്ടും ജയറാം എന്ന ലേബലിന് പ്രേക്ഷക പ്രീതി ഉണ്ടായിരുന്നു. വിജയങ്ങൾ തുടർന്ന് കൊണ്ടേയിരുന്ന ജയറാം തന്‍റെ കരിയറിൽ അഭിനയ പ്രാധാന്യമുള്ള ചില വേഷങ്ങളും തുന്നി ചേർത്തിരുന്നു. സ്നേഹത്തിലെ പത്മനാഭൻ നായർ 'പേരറിയാത്തൊരു നൊമ്പരത്തെ പ്രേമമെന്നാരോ വിളിച്ചു'വെന്ന് പാടിയപ്പോൾ മലയാളിയുടെ കണ്ണ് നനഞ്ഞത് ജയറാം എന്ന പ്രതിഭയുടെ അഭിനയ മികവിനുള്ള അംഗീകാരമായിരുന്നു. ചിത്രശലഭത്തിലെ ദേവനും, കാരുണ്യത്തിലെ സതീശനും ശേഷത്തിലെ ലോനപ്പനുെമാക്കെ ജയറാമിലെ നടനവൈഭവത്തിന്‍റെ നേർക്കാഴ്ചകളായിരുന്നു.
മൾട്ടി സ്റ്റാർ ചിത്രങ്ങളിൽ മറ്റ് താരങ്ങളുടെ നിഴലിൽ ഒതുങ്ങി നില്‍ക്കാതെ തന്‍റെതായ ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നതിൽ ജയറാമിന്‍റെ പ്രാവീണ്യം എടുത്ത് പറയേണ്ടതാണ്. സമ്മർ ഇൻ ബത്‌ലഹേം, അദ്വൈതം, ധ്രുവം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനം ഇതിനുദാഹരണമാണ്. ജയറാമിന്‍റെ കരിയറിലെ ഒരു ഗ്യാപ്പിന് ശേഷം പുറത്തിറങ്ങിയ എന്‍റെ വീട് അപ്പുവിന്‍റെയും, യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, മനസ്സിനക്കരെ, മയിലാട്ടം തുടങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ വിജയമായിരുന്നു. എന്നാൽ ശക്തമായ പ്രമേയവും മോശമല്ലാത്ത അവതരണവും ഉണ്ടായിരുന്നിട്ടും 2004ൽ പുറത്തിറങ്ങിയ അമൃതം പരാജയമായത് മുതൽ ജയറാമിലെ നടന് മൂല്യച്യുതി സംഭവിച്ചു തുടങ്ങി. ആലീസ് ഇൻ വണ്ടര്‍ലാന്‍റ്, സർക്കാർ ദാദാ, ഫിംഗർ പ്രിന്റ് തുടങ്ങിയ സിനിമകള്‍ വലിയ പരാജയമായിരുന്നു. ശേഷം ജയറാം രാജസേനൻ കൂട്ടുകെട്ടിൽ ഒരിടവേളയ്ക്ക് ശേഷം വന്ന മധുചന്ദ്ര ലേഖയും അഭിപ്രായം നേടാതെ പോയപ്പോൾ ജയറാം ചിത്രങ്ങൾ ശക്തമായ പ്രതിസന്ധിയിലേക്ക് വീണുപോയി. തുടർന്ന് വന്ന ആനച്ചന്തം, കനകസിംഹാസനം, അഞ്ചിലൊരാൾ അർജുനൻ, മാജിക് ലാംപ് തുടങ്ങിയ പരാജയ ചിത്രങ്ങൾ നിലവാര തകർച്ചയുടെ ആക്കം കൂട്ടുകയാണുണ്ടായത്.
വളരെ കാലത്തെ കാത്തിരിപ്പിന് ശേഷം പഴയ ജയറാമിനെ മലയാളിക്ക് തിരികെ സമ്മാനിച്ച വെറുതെ ഒരു ഭാര്യ സൂപ്പർ ഹിറ്റായതിന് പുറമെ സത്യൻ അന്തിക്കാട് ജയറാം കൂട്ടുകെട്ടിൽ പുറത്തുവന്ന ഭാഗ്യദേവതയും മോശമില്ലാത്ത അഭിപ്രായം നേടി. ജയറാം വീണ്ടും തിരിച്ചുവരുന്നു എന്ന് തോന്നി തുടങ്ങിയ സമയത്താണ് സീത കല്യാണം, മൈ ബിഗ് ഫാദർ, രഹസ്യപൊലീസ്, തുടങ്ങിയവ പ്രതീക്ഷകളെ തച്ചുടച്ചത്. പരാജയങ്ങളിൽ വീണുപോകാതെ വീണ്ടും ഹിറ്റുകളുമായി തിരിച്ചുവരവ് നടത്തി ജയറാം ഞെട്ടിച്ചു. ഹാപ്പി ഹസ്ബൻഡ്‌സ്, കഥ തുടരുന്നു, മേക്കപ്പ് മാൻ സ്വപ്ന സഞ്ചാരി തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങൾ ആ തിരിച്ചു വരവിലും തന്‍റെ കരിയറിൽ ജയറാം നേടി. കൊവിഡ് കാലത്ത് ചിത്രീകരിച്ച് അടുത്തിടെ ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയ പുത്തം പുതുകാലൈ എന്ന ആന്തോളജി കാണുമ്പോള്‍ ഏതൊരു മലയാളിക്കും വിന്‍റേജ് ജയറാമിനെ തിരിച്ചുകിട്ടിയ പ്രതീതിയാണ്. പുത്തംപുതു കാലൈയിലെ 'ഇനി നല്ല നേരം ടാ' എന്ന പാട്ടിലെ ചെറിയ ഡാൻസ് മൂവ്മെന്‍റ് കൊണ്ടായിരുന്നു സിനിമയിലെ ജയറാമിന്‍റെ പ്രകടനം ആരംഭിക്കുന്നത്. പിന്നീട് ഉർവശിയുടെ കഥാപാത്രത്തിന്‍റെ വരവോടെ ആ പഴയ മനോഹരമായ കോംബോയുടെ പവർഫുൾ പെർഫോമൻസായിരുന്നു പിന്നീട്. യോഗ റിട്രീറ്റ് ഹെഡ് ആയി ഫോണിൽ സംസാരിക്കുമ്പോൾ ഉള്ള ശബ്ദ മാറ്റ അനുകരണത്തിലും സ്ഥിരം നമ്മൾ കാണാറുള്ള ചെറിയ ചെറിയ ഗാർഹിക തർക്കങ്ങളിലും ചായ ടീഫോയിൽ വെച്ചിട്ടുള്ള തമ്മിൽ തമ്മിൽ ഉള്ള എക്‌സ്പ്രഷൻസിലും മകൾ പെട്ടന്ന് കടന്നുവരുമ്പോൾ ഉള്ള ടെന്‍ഷനിലുമെല്ലാം ജനപ്രിയനായ ആ പഴയ ജയറാം വീണ്ടും ജനിക്കുകയായിരുന്നു.
മലയാളത്തിനപ്പുറത്തേക്ക് തമിഴ്, തെലുങ്ക് ഭാഷകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് ജയറാം. ഗോകുലം, പുരുഷലക്ഷണം, കോലങ്ങൾ, തെനാലി, പഞ്ചതന്ത്രം തുടങ്ങിയ ചിത്രങ്ങൾ ഇതിൽ ചിലത് മാത്രം. കമലഹാസന്‍റെ കൂടെ അഭിനയിച്ച തെന്നാലി എന്ന ചിത്രം ജയറാമിന്‍റെ തമിഴ് ചിത്രങ്ങളിൽ ജനശ്രദ്ധയാകർഷിച്ച ഒന്നാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് ജയറാമിന് തമിഴ്നാട് സർക്കാറിന്‍റെ മികച്ച സഹനടനുള്ള പുരസ്കാരം ലഭിച്ചത്. കമൽഹാസനുമായി ഊഷ്മളമായൊരു സൗഹൃദം സൂക്ഷിക്കുന്ന താരം കൂടിയാണ് ജയറാം. ഒരുകാലത്ത് ജയറാം എന്ന പേര് മാത്രം മതിയായിരുന്നു കുടുംബ പ്രേക്ഷകർ തിയേറ്ററിലേക്ക് ഒഴുകാൻ... ജയറാം എന്ന നടന്‍റെ ജനപ്രീതിക്ക് ഇന്നും യാതോരിടിവും സംഭവിച്ചിട്ടില്ല. അതുകൊണ്ട് തന്നെയാണ് ഇന്നും നമ്മളോരോരുത്തരും സമ്മർ ഇൻ ബെത്‌ലഹേമും, മഴവിൽ കാവടിയും, സന്ദേശവും എല്ലാം വീണ്ടും വീണ്ടും മടുപ്പുകൂടാതെ കാണുന്നത്. ഇനി ആരൊക്കെ വന്നാലും പോയാലും.. എത്ര സിനിമ പരാജയപെട്ടാലും മലയാള സിനിമയിലും സിനിമാപ്രേമികളുടെ മസിലും അങ്ങയുടെ സ്ഥാനം ഒരുപടി മുകളില്‍ തന്നെയാണ്.... ആനപ്രേമി... ചെണ്ട വാദ്യങ്ങളുടെ തമ്പുരാൻ.... ചിരിച്ചു കൊണ്ട് കരയുകയും കരഞ്ഞുകൊണ്ട് ചിരിപ്പിക്കുകയും ചെയ്യുന്ന നിത്യ ഹരിത നായകന്‍.... പത്മശ്രീ ജയറാമിന് പിറന്നാള്‍ ആശംസകള്‍....