വീഡിയോ കോൾ കെണിയിൽപ്പെടുത്തി പണം തട്ടുന്നവർക്കെതിരെ നടൻ അനീഷ് രവി. തന്‍റെ സുഹൃത്തും ഇപ്പോൾ അഭിനയിക്കുന്ന സീരിയലിന്‍റെ ആർട്ട് ഡയറക്‌ടറുമായ അനിലിനെ വീഡിയോ കോൾ വഴി ചതിയിൽപ്പെടുത്താൻ ശ്രമിച്ച കഥ ഫേസ്‌ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് അനീഷ് രവി.
അനിലിന് പരിചയമില്ലാത്ത നമ്പറിൽ നിന്ന് വന്ന വീഡിയോ കോൾ എടുത്തപ്പോൾ ഒരു പെൺകുട്ടി വസ്‌ത്രം മാറ്റുന്നതാണ് കണ്ടതെന്നും അപ്പോൾ തന്നെ വീഡിയോ കട്ട് ചെയ്‌തെന്നും ഫേസ്‌ബുക്ക് ലൈവിൽ പറയുന്നു.
- " class="align-text-top noRightClick twitterSection" data="">
എന്നാൽ പിന്നീട് വീഡിയോ കോളിന്‍റെ സ്ക്രീൻഷോട്ടും എഡിറ്റ് ചെയ്‌ത വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തുകയും 11500 രൂപ ആവശ്യപ്പെടുകയും ചെയ്തു. പണം നൽകിയില്ലെങ്കിൽ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി.
സംഭവത്തിന് ശേഷം നിരന്തരം പല നമ്പരുകളിൽ നിന്നായാണ് ഭീഷണി കോളുകൾ വരുന്നതെന്നും ഇതേ സീരിയലിന്‍റെ സൗണ്ട് ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്യുന്നയാൾക്കും നേരത്തെ സമാന അനുഭവം ഉണ്ടായെന്നും ലൈവിൽ പറയുന്നു.
എല്ലാവരും ഡിജിറ്റൽ യുഗത്തിൽ ആണ് ജീവിക്കുന്നത്. കുട്ടികളുൾപ്പെടെ ഓൺലൈൻ ക്ലാസുകൾക്കായി മൊബൈൽ ഫോൺ ഉപയോഗിക്കുന്നവരാണ്. അതിനാൽ പരിചയമില്ലാത്ത നമ്പറിൽ നിന്നും ഫോൺ കോളുകള്‍ വന്നാൽ എടുക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ലൈവിലൂടെ അനീഷും സുഹൃത്ത് അനിലും പറയുന്നു.