ലോകസിനിമയില്‍ ഏറ്റവും വിലമതിക്കപ്പെട്ട പുരസ്‌കാരമായി കലാകാരന്മാര്‍ കാണുന്ന ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. 93ആം ഓസ്‌കാര്‍ പുരസ്കാര ജേതാക്കളെ സ്വീകരിക്കാനായി ഡോള്‍ബി തിയേറ്ററും ഒരുങ്ങി കഴിഞ്ഞു. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലൂടെ ലോകം കടന്ന് പോകുന്ന വേളയില്‍ അതീവ മുന്‍കരുതലുകളും സുരക്ഷയും ഒരുക്കിയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.
കൊവിഡ് ഭീഷണിയുടെ സാഹചര്യത്തിൽ ഈ വര്‍ഷം ഫെബ്രുവരി 28ന് നടക്കേണ്ട പുരസ്‌കാര പ്രഖ്യാപന ചടങ്ങ് രണ്ടുമാസത്തേക്ക് നീട്ടിവെക്കുകയായിരുന്നു. 1938ലെ പ്രളയ കാലത്തും 1968ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്‍റെ മരണത്തെ തുടര്‍ന്നും 1981ല്‍ അന്നത്തെ യുഎസ് പ്രസിഡന്‍റ് റോണള്‍ഡ് റീഗന്‍റെ മരണത്തെ തുടര്‍ന്നുമാണ് ഇതിന് മുമ്പ് ഓസ്‌കാര്‍ പുരസ്കാര പ്രഖ്യാപനം മാറ്റിയിട്ടുള്ളത്. ഏപ്രില്‍ 25 ഞായറാഴ്ച വൈകിട്ട് അമേരിക്കന്‍ സമയം 6.30നാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. ഇന്ത്യയില്‍ ഏപ്രില്‍ 26 തിങ്കളാഴ്ച രാവിലെ സ്റ്റാര്‍ മൂവിസിലും സ്റ്റാര്‍ വേള്‍ഡിലും ഓസ്കാര്‍ ലൈവ് കാണാനാകും.
മികച്ച നടനുള്ള അവാര്‍ഡിന് ഗാരി ഓള്‍ഡ് മാനും ആന്‍റണി ഹോപ്കിന്‍സും അടുത്തിടെ അന്തരിച്ച ചാഡ് വിക് ബോസ് മാനും മത്സര രംഗത്തുണ്ട്. മികച്ച നടിക്കായി വനേസാ കിര്‍ബി, ആന്ദ്രെ ഡേ തുടങ്ങിയവര്‍ പോരാടുന്നു. ഡേവിഡ് ഫിഞ്ചര്‍, തോമസ് വിന്റര്‍ബര്‍ഗ് തുടങ്ങിയവര്‍ മികച്ച സംവിധായകനുള്ള അവാര്‍ഡിനായി രംഗത്തുണ്ട്. മാങ്ക്, ദി ഫാദര്‍ തുടങ്ങി എട്ട് ചിത്രങ്ങളാണ് മികച്ച ചിത്രത്തിനായി മത്സരിക്കുന്നത്. മാങ്കിന് വിവിധ വിഭാഗങ്ങളിലായി 10 നോമിനേഷനുകളാണുളളത്. മാ റെയ്നീസ് ബ്ളാക്ക് ബോട്ടം എന്ന ചിത്രത്തിലൂടെ ചാഡ്‌വിക് ബോസ്മാന്‍ ഓസ്കാര്‍ ചരിത്രത്തില്‍ മരണാനന്തര ബഹുമതിയായി മികച്ച നടനുള്ള അവാര്‍ഡിനായി മാറ്റുരയ്ക്കുന്ന ഏഴാമത്തെ നടനായിരിക്കുകയാണ്.
പതിമൂന്നര ഇഞ്ച് പൊക്കവും നാല് കിലോയോളം തൂക്കവുമുള്ളതാണ് ഓസ്‌കര്‍ ട്രോഫി. വെങ്കലത്തിൽ നിർമിച്ച് 24 കാരറ്റ് സ്വർണവും പൂശിയെടുക്കുന്നതാണ് ശിൽപം. അവസാന നിമിഷം വരെ വിജയികളുടെ എണ്ണം കൃത്യമായി അറിയാനാകാത്തതിനാൽ ഓസ്‌കര്‍ ചടങ്ങിന് എത്തിക്കുന്ന ശിൽപങ്ങളുടെ എണ്ണത്തിലും മാറ്റമുണ്ടാകും. ഏകദേശം 50 ശിൽപങ്ങളെത്തിച്ച് മിച്ചം വരുന്നവ അടുത്ത വർഷത്തേക്ക് രഹസ്യഅറയിൽ സൂക്ഷിക്കുന്നതാണ് പുരസ്‌കാരം സമ്മാനിക്കുന്ന അക്കാദമി ഓഫ് മോഷൻ പിക്‌ചർ ആർട്‌സ് ആൻഡ് സയൻസസിന്‍റെ പതിവ്.