മുംബൈ: മരിച്ച ബോളിവുഡ് യുവനടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്‍റെ മൃതദേഹം മുംബൈയിലെ പവന്‍ ഹാന്‍സ് ശ്മശാനത്തില്‍ സംസ്കരിച്ചു. അന്ത്യകര്‍മങ്ങളില്‍ പങ്കെടുക്കാനായി സുശാന്തിന്‍റെ പിതാവും കുടുംബവും പാട്നയില്‍ നിന്നും തിങ്കളാഴ്ച രാവിലെ എത്തിയിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂപ്പര്‍ ആശുപത്രിയിലാണ് സുശാന്തിന്‍റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തത്.
നടന്‍ ആത്മഹത്യ ചെയ്തതാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നത്. സുശാന്ത് ഇനി തങ്ങളോടൊപ്പം ഇല്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. താരത്തിന്‍റെ പെട്ടന്നുള്ള വിയോഗം വലിയ ആഘാതമാണ് ബോളിവുഡില്‍ സൃഷ്ടിച്ചിരിക്കുന്നത്. താരം ഏറെ നാളായി വിഷാദരോഗത്തിലായിരുന്നു. മുപ്പത്തിനാലാം വയസിലാണ് ചുരുങ്ങിയ സിനിമകളിലൂടെ ബോളിവുഡിലും ആരാധക മനസിലും ഇടം കണ്ടെത്തിയ നടന്‍ സുഷാന്ത് സിംഗ് രജ്പുത്ത് വിടവാങ്ങിയത്.