കൊച്ചി: മലയാള സിനിമയിലെ വനിതാ സംഘടനയായ വുമണ്‍ ഇൻ സിനിമ കളക്ടീവിൻ്റെ (ഡബ്ല്യു.സി.സി) മാതൃക ദേശീയതലത്തിലേക്കും വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു. സംഘടനയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് തീരുമാനം. ഏപ്രിൽ 26, 27 തിയ്യതികളിൽ എറണാകുളം സെൻ്റ് തെരേസാസ് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഇതെപ്പറ്റി ചർച്ച ചെയ്യും.
മൂന്നാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ച് നടക്കുന്ന പൊതുസമ്മേളനം ആരോഗ്യമന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനം ചെയ്യും. സുപ്രീം കോടതി അഭിഭാഷക വൃന്ദാ ഗ്രോവർ മുഖ്യപ്രഭാഷണം നടത്തും. തമിഴ് സംവിധായകൻ പാ രഞ്ജിത്, നടി സ്വര ഭാസ്കർ, സംവിധായകൻ ഡോ. ബിജു, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ എന്നിവരും സംസാരിക്കും. ഡബ്ല്യു.സി.സിയുടെയും സഖി വിമൻ റിസോഴ്സ് സെൻ്ററിൻ്റേയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇതിന് പുറമെ സിനിമാരംഗത്ത് പൊതുവിലും പ്രാദേശിക വ്യത്യാസങ്ങൾ കണക്കിലെടുത്തുമുള്ള 'ബെസ്റ്റ് പ്രാക്ടീസസ് മാന്വൽ' തയ്യാറാക്കാനും സമ്മേളനം ലക്ഷ്യമിടുന്നുണ്ട്. അടുത്ത ഒരു വർഷം കൊണ്ട് പൂർത്തിയാകുന്ന മാന്വലിനെ കുറിച്ചുള്ള പ്രാരംഭ ചർച്ചകൾക്കും സമ്മേളനം വേദിയാകും.