തമിഴ് സൂപ്പര്‍ സ്റ്റാര്‍ വിജയ് നല്ല അഭിനേതാവല്ലെന്ന് പറഞ്ഞ നടന്‍ സിദ്ദിഖിനെതിരെ ആരാധകരുടെ രോഷപ്രകടനം. സിദ്ദിഖിന്റെ പേരിലുള്ള ഫേസ്ബുക്ക് പേജിലാണ് ആളുകള്‍ പൊങ്കാലയുമായി എത്തിയിരിക്കുന്നത്.
‘മമ്മൂട്ടിയും മോഹന്‍ലാലും സൂപ്പര്‍സ്റ്റാറുകളും സൂപ്പര്‍ നടന്മാരുമാണ്. എന്നാല്‍ തമിഴ് നടന്‍ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും സൂപ്പര്‍ നടനാണെന്ന് പറയാന്‍ കഴിയില്ല..’ എന്നായിരുന്നു അടുത്തിടെ ഒരു അഭിമുഖത്തില്‍ സിദ്ദിഖ് പറഞ്ഞത്. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും പോലെയുള്ള രണ്ട് സൂപ്പര്‍ താരങ്ങളെ ലഭിച്ചത് മലയാള സിനിമയുടെ ഭാഗ്യമാണെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. എല്ലാ സിനിമാ മേഖലകളും നിലനില്‍ക്കുന്നത് സൂപ്പര്‍സ്റ്റാറുകള്‍ മൂലമാണ്. ഞങ്ങളെ പോലുള്ള സഹതാരങ്ങള്‍ അവരുള്ളതുകൊണ്ടാണ് നിലനില്‍ക്കുന്നതെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.
ഇതിന് ശേഷമാണ് തമിഴ് നടൻ വിജയ് സൂപ്പര്‍ സ്റ്റാറാണെങ്കിലും നല്ല നടനല്ല എന്ന് സിദ്ദിഖ് പരാമർശിച്ചത്. താരമൂല്യമാണ് വിജയ്‌നെ സിനിമയില്‍ പിടിച്ച് നിര്‍ത്തുന്നത്, എന്നാല്‍ കമല്‍ഹാസന്‍ നല്ല നടനും സൂപ്പര്‍ സ്റ്റാറുമാണെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു.
സിദ്ദിഖിന്‍റെ പരാമർശത്തിന് മറുപടിയുമായി നടന്‍ ഹരീഷ് പേരടിയും രംഗത്ത് വന്നിരുന്നു. 'വിജയ് സൂപ്പര്‍ നടനുമാണ്, സൂപ്പര്‍ താരവുമാണ്. സഹജീവികളോട് കരുണയുള്ള, ജീവിക്കുന്ന കാലത്തോട് കൃത്യമായ നിലപാടുള്ള സൂപ്പര്‍ മനുഷ്യനുമാണ് അദ്ദേഹം', എന്നായിരുന്നു ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചത്.