പുതിയൊരു വേഷപ്പകര്‍ച്ചയിലൂടെ പ്രേക്ഷകരെ വിസ്‌മയിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഫഹദ് ഫാസില്‍. അന്‍വര്‍ റഷീദിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന 'ട്രാന്‍സ്' എന്ന ചിത്രത്തില്‍ ഒരു പാസ്‌റ്ററുടെ വേഷത്തിലാണ് ഫഹദ് എത്തുന്നത്. താരത്തിൻ്റെ കരിയറിലെ തന്നെ ഏറെ വ്യത്യസ്‌മായ വേഷമാണിതെന്നാണ് വിലയിരുത്തുന്നത്. ചിത്രത്തിൽ ഫഹദിൻ്റെ നായികയായെത്തുന്നത് നസ്രിയയാണ്. ഒരു പാസ്റ്ററുടെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളിലൂടെയുള്ള സഞ്ചാരമാണ് ട്രാൻസിൻ്റെ പ്രമേയം.
ചിത്രത്തിലെ ഒരു സംഘട്ടന രംഗം റോബോട്ടിക് ക്യാമറയിലാണ് ചിത്രീകരിക്കുന്നത്. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെ ഉപയോഗിക്കുന്ന റോബോട്ടിക് ക്യാമറ ഇതാദ്യമായാണ് ഒരു മലയാള സിനിമക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഒരു ദിവസം പത്ത് ലക്ഷം രൂപയാണ് വാടക. മുംബൈയില്‍ നിന്നാണ് ക്യാമറ സംഘമെത്തിയത്.
ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ട്രാൻസ്. 18 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ട്രാന്‍സ് നിര്‍മ്മിക്കുന്നത് അദ്ദേഹത്തിൻ്റെ ഉടമസ്ഥതയിലുള്ള അന്‍വര്‍ റഷീദ് എൻ്റര്‍ടെയ്ന്‍മെൻ്റാണ്. ഫഹദിനും നസ്രിയക്കും പുറമേ ചെമ്പന്‍ വിനോദ്, വിനായകന്‍, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അര്‍ജുന്‍ അശോക്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അമല്‍ഡ ലിസ്, അശ്വതി മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. അതിഥി താരമായി പ്രശസ്‌ത തമിഴ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും എത്തുന്നു.
അമല്‍ നീരദാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. വിൻസൻ്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്സണ്‍ വിജയന്‍ സംഗീതം നല്‍കുന്നു. ഓണം റിലീസായി ട്രാന്‍സ് തീയറ്ററുകളിലെത്തും.