ബംഗളൂരു: മുംബൈ ഭീകരാക്രമണത്തില്‍ വീര മൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍റെ മാതാപിതാക്കളെ നടന്‍ ടൊവിനോ തോമസ് സന്ദര്‍ശിച്ചു. ബംഗളൂരു യെലഹങ്കയിലുള്ള വീട്ടിലെത്തിയാണ് ടൊവിനോ അവരെ കണ്ടത്. എടക്കാട് ബറ്റാലിയന്‍ 06 എന്ന സിനിമ കണ്ട ശേഷം ടൊവിനോയെ നേരില്‍ കാണണമെന്ന് സന്ദീപിന്‍റെ അമ്മ ധനലക്ഷ്മി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതേത്തുടര്‍ന്നായിരുന്നു താരത്തിന്‍റെ സന്ദര്‍ശനം.
സന്ദീപിന്‍റെ ഇഷ്ട ഭക്ഷണമായ അപ്പവും സ്റ്റ്യൂവുമാണ് ധനലക്ഷ്മി ഉണ്ണികൃഷ്ണൻ ടൊവിനോയ്ക്കായി ഒരുക്കിയത്. മകനെ നേരില്‍ കണ്ട പ്രതീതിയായിരുന്നു തങ്ങള്‍ക്കെന്ന് സന്ദീപ് ഉണ്ണികൃഷ്ണന്‍റെ മാതാപിതാക്കള്‍ പറഞ്ഞു. തിയേറ്ററില്‍ മികച്ച പ്രതികരണം നേടുന്ന 'എടക്കാട് ബറ്റാലിയൻ 06' കണ്ടപ്പോൾ ടൊവിനോയുടെ കഥാപാത്രത്തിൽ എവിടെയൊക്കെയോ തന്‍റെ മകന്‍റെ സാദൃശ്യം കാണാൻ കഴിഞ്ഞുവെന്ന് ധനലക്ഷ്മി പറഞ്ഞിരുന്നു. ടൊവിനോയെ അഭിനന്ദിച്ച് ധനലക്ഷ്മി സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ട വീഡിയോ താരവും പങ്കിട്ടിരുന്നു. ഒരമ്മയെന്ന നിലയിൽ അവനെയൊന്ന് കെട്ടിപ്പിടിക്കണമെന്ന് തോന്നിയെന്ന് അവർ വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിലും വലിയ അംഗീകാരം കിട്ടാനില്ലെന്നായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് ടൊവിനോ കുറിച്ചത്.
ഇവിടെ വരാനും ആ അമ്മയേയും അച്ഛനേയും കാണാന്‍ സാധിച്ചതും ഹൃദയ സ്പര്‍ശിയായ അനുഭവമായിരുന്നു എന്ന് ടൊവിനോ പ്രതികരിച്ചു. മകനെപ്പോലെ തോന്നിയെന്ന് പറഞ്ഞ ആ അമ്മയുടെ സ്‌നേഹം കൂടി അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നതായും ടൊവിനോ പറഞ്ഞു. എല്ലാ പിറന്നാളിനും മകന് വേണ്ടി ഇപ്പോഴും വാങ്ങുന്ന വസ്ത്രങ്ങളില്‍ നിന്ന് ഒരു ടീ ഷർട്ടും സമ്മാനിച്ചാണ് മാതാപിതാക്കള്‍ ടൊവിനോയെ യാത്രയാക്കിയത്.