ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് ദൃശ്യങ്ങള്‍ നല്‍കില്ലെന്ന് സുപ്രീം കോടതി. എന്നാല്‍ ദൃശ്യങ്ങള്‍ കാണാന്‍ കുറ്റാരോപിതരെ അനുവദിക്കും. ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ പരിശോധിക്കാം. നടിയുടെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുത്താണ് നടപടി.
ഫോറന്‍സിക്ക് പരിശോധന, ശാസ്ത്രീയ പരിശോധന തുടങ്ങിയ ദിലീപിന്‍റെ ആവശ്യങ്ങളും കോടതി തള്ളി. ശാസ്ത്രീയ പരിശോധന ആവശ്യമെങ്കില്‍ ഏജന്‍സിയെ കോടതിക്ക് തീരുമാനിക്കാമെന്നും കോടതി നിര്‍ദേശിച്ചു. കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി. രാവിലെ 10.30 ന് ജസ്റ്റിസ് എ.എം ഖാന്‍വില്‍ക്കറിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങൾ രേഖയാണെന്നാണ് ദിലീപ് ഹർജിയില്‍ പറഞ്ഞിരുന്നു. ഇക്കാര്യം അംഗീകരിച്ച കോടതി പക്ഷേ സ്വകാര്യത കണക്കിലെടുത്ത് ദൃശ്യങ്ങള്‍ നല്‍കരുതെന്ന വാദം അംഗീകരിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നതിനെതിരെ പരാതിക്കാരിയായ നടിയും കോടതിയെ സമീപിച്ചിരുന്നു. ഇതോടെ കേസിലെ വിചാരണ നടപടികള്‍ക്കുള്ള സ്റ്റേയും നീക്കി. എത്രയും പെട്ടെന്ന് വിചാരണ തുടങ്ങണമെന്ന പ്രോസിക്യൂഷന്‍ വാദവും സുപ്രീം കോടതി അംഗീകരിച്ചു.